കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത് . അറിയിച്ചതിന് മധ്യങ്ങൾക്ക് നന്ദിയെന്ന് ഗവർണർ. മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല എന്നും സംസ്ഥാന സർക്കാർ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇതേക്കുറിച്ച് രാഷ്‌ട്രപതിയ്‌ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനിടെ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മെയ് ആറിനാണ് 12 ദിവസം നീണ്ടുനിൽക്കുന്ന സ്വകാര്യ വിദേശയാത്രയ്‌ക്കായി മുഖ്യമന്ത്രി തിരിച്ചത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുക. സാധാരണ ഔദ്യോഗിക യാത്രയ്‌ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാർ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അത്തരം അറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.