കൊച്ചി: എം.എസ്.എഫ് – ഹരിത നേതാക്കള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരസ്പരം പരിഹരിച്ച് മുസ്ലിം ലീഗ് നേതൃത്വം. ഇതിന്റെ ഭാഗമായി എം.എസ്.എഫ് നേതാവ് പികെ നവാസിനെതിരായ ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പാക്കി. ഹരിത നേതാവ് നജ്മ തബ്ഷീറ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഒത്തുതീര്‍പ്പിന്റെ കാര്യം വ്യക്തമാക്കുന്നത്.

മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരാതി ഒത്തുതീര്‍പ്പായെന്നും പാര്‍ട്ടിയുടെ ഉന്നതിക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. നജ്മയുടെ സത്യവാങ്മൂലം പരിഗണിച്ച് പികെ നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

2023 ജൂണ്‍ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തില്‍ പി.കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. വനിതാ കമ്മീഷന് നല്‍കിയ പരാതിക്ക് പിന്നാലെ വെള്ളയില്‍ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കേയാണ് പി.കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍നടപടികള്‍ ആവശ്യമില്ലെന്നുമുള്ള നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി കെ നവാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നജ്മ തബ്ഷീറ സത്യവാങ്മൂലം സമര്‍പ്പിച്ചത്.നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം പരിഗണിച്ച് പികെ നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി ഗീരീഷിന്റെതാണ് നടപടി.

കേസില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണവും തേടിയിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതൃത്വം നടത്തിയ സമവായ നീക്കത്തിന് പിറകെ നജ്മ തബ്ഷീറയെ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയിരുന്നു. നജ്മക്കൊപ്പം പുറത്താക്കപ്പെട്ട ഫാത്തിമ തെഹലിയയും മുഫീദ തസ്‌നിയെയും ങടഎ അഖിലേന്ത്യ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് പി.കെ നവാസിനെതിരായ കേസ് പിന്‍വലിക്കാന്‍ ധാരണയായത്.