ആശ്രിത നിയമനക്കാര്‍ ഉന്നത സ്ഥാനത്ത്; പി.എസ്.സി വഴി സര്‍വീസില്‍ കയറിയവര്‍ക്ക് പ്രമോഷന്‍ സാധ്യത മങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത തസ്തികകളിൽ ആശ്രിത നിയമനക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്ന് കൺഫേർഡ് ഐഎഎസ് ലഭിച്ചവരിൽ രണ്ടുപേർ ആശ്രിത നിയമനം വഴി സർവീസില്‍ പ്രവേശിച്ചവരായിരുന്നു. (Compassionate Employment Scheme)

ചെറുപ്രായത്തില്‍ സർക്കാർ സർവീസില്‍ കയറി ചുരുങ്ങിയ കാലം കൊണ്ട് ഗസറ്റഡ് റാങ്കിലേക്ക് ഉയരാൻ പറ്റുന്നതാണ് നിലവില്‍ കേരളത്തിലെ ആശ്രിതനിയമന രീതി. പി.എസ്.സി വഴി സർവീസില്‍ പ്രവേശിച്ചവരേക്കാള്‍ മുകളില്‍ ഇവർ എത്തിയതോടെ സർക്കാർ സർവീസിന്റെ കാര്യശേഷിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്.

പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ഗോപകുമാർ, ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറി ആനി ജൂല എന്നിവരാണ് ആശ്രിത നിയമനത്തിൽ സർവീസിൽ കയറി കൺഫേർഡ് ഐഎഎസ് ലഭിച്ചവർ. പൊതുഭരണ വകുപ്പിലെ 10 സ്പെഷ്യൽ സെക്രട്ടറിമാരിൽ 7 പേരും ആശ്രിത നിയമനക്കാരാണ്. നിയമസഭ, ധന വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിമാർ ആശ്രിത നിയമനത്തിൽ ജോലിയിൽ കയറിയവരാണ്. നിയമവകുപ്പിലെ ഒരു സ്പെഷ്യൽ സെക്രട്ടറിയും ആശ്രിത നിയമനത്തിൽ സർവീസിൽ കയറിയതാണ്. പൊതുഭരണ വകുപ്പിൽ 16 ഓളം അഡീഷണൽ സെക്രട്ടറിമാരും ആശ്രിത നിയമനത്തിലൂടെ സർവീസിൽ കയറിയവരാണ്. മറ്റ് ഉയർന്ന പോസ്റ്റുകളിലേയും അവസ്ഥ ഇത് തന്നെ.

സെക്രട്ടേറിയേറ്റിൽ അസിസ്റ്റൻ്റ് ആകാനുള്ള യോഗ്യത ഡിഗ്രിയാണ്. ഡിഗ്രി കഴിയുമ്പോൾ തന്നെ സർവീസിൽ കയറാൻ സാധിക്കുന്നത് കൊണ്ട് 21 വയസിൽ തന്നെ സർവീസിൽ കയറാൻ ഇക്കൂട്ടർക്ക് സാധിക്കും. തുടർന്ന് കാലാ കാലങ്ങളിൽ ലഭിക്കുന്ന പ്രൊമോഷനും ലഭിക്കുന്നതോടെ 30 വയസ് കഴിയുമ്പോഴേ ഭൂരിഭാഗം പേരും ഗസറ്റഡ് തസ്തികയിൽ എത്തും. പിഎസ്സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് വന്ന് സർവീസിൽ കയറുന്നവരുടെ പ്രായം 25 നും 30 നും ഇടയിൽ ആയിരിക്കും. റാങ്ക് ലിസ്റ്റ് താമസിച്ചാൽ സർവീസിൽ കയറുന്ന പ്രായം പിന്നെയും വർദ്ധിക്കും.

പഠിച്ച് പരീക്ഷ എഴുതി ജോലി വാങ്ങുന്ന ഭൂരിഭാഗം പേർക്കും ആശ്രിത നിയമനക്കാരുടെ കീഴില്‍ ‘ജോലി’ ചെയ്യാനായിരിക്കും യോഗം. മിക്ക ഡയറക്ടറേറ്റിലും ഉയർന്ന തസ്തികകളിൽ ആശ്രിത നിയമനക്കാർ ഇരിക്കുന്നതിനാൽ പി.എസ്.സി പരീക്ഷ എഴുതി ജോലിയിൽ കയറിയവർ പ്രൊമോഷൻ കിട്ടാതെ വിരമിക്കുകയാണ്.

ആശ്രിത നിയമനങ്ങളിൽ നടത്തേണ്ട മാറ്റങ്ങളെ കുറിച്ച് സർക്കാർ സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ജീവനക്കാരൻ മരണമടയുമ്പോൾ 13 വയസോ അതിന് മുകളിലോ പ്രായമുള്ള ആശ്രിതർക്ക് മാത്രമേ ഇനി ആശ്രിത നിയമനത്തിന് അർഹത യുണ്ടാകും എന്ന വ്യവസ്ഥയാണ് സർക്കാർ വച്ചിരിക്കുന്നത്. ഇത് എല്ലാ സർവീസ് സംഘടനകളും ഒരേപോലെ എതിർക്കുകയാണ്.

ജീവനക്കാരുടെ ആവശ്യം ന്യായമാണുതാനും. ഉന്നത തസ്തികകളിൽ ആശ്രിത നിയമനക്കാർ ഇരിക്കുന്നത് കൊണ്ട് സർവീസിൻ്റെ കാര്യശേഷി കുറയുന്നു എന്നാണ് റിപ്പോർട്ട്. ആശ്രിത നിയമനക്കാർക്ക് ആദ്യ പ്രൊമോഷൻ 30 വയസ് കഴിഞ്ഞ് നൽകിയാൽ പരീക്ഷ എഴുതി ജോലിയിൽ കയറുന്നവർക്ക് ആദ്യം പ്രെമോഷൻ ലഭിക്കും.

ആശ്രിത നിയമനം ഓഫിസ് അറ്റൻഡൻ്റ് തസ്തികയിൽ പരിമിതപ്പെടുത്തുക, തുടർന്ന് പരീക്ഷ എഴുതി ഉയർന്ന തസ്തികയിലേക്ക് പോകാനുള്ള അവസരം ഇക്കൂട്ടർക്ക് കൊടുക്കുക. സർക്കാർ സർവീസിൻ്റെ കാര്യശേഷി കൂട്ടാൻ ഇതിലൂടെ സാധിക്കും. ഒപ്പം പി.എസ്.സി പരീക്ഷ എഴുതി ജോലിയിൽ കയറിയവർക്ക് അർഹമായ പ്രൊമോഷൻ ഉറപ്പാക്കാനും സാധിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments