സബ്കളക്ടറെ ശല്യം ചെയ്ത ഡിവിഷന്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

ഫോണ്‍വിളിച്ചും വാട്ട്‌സാപ്പ് വഴിയും അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തല്‍; രാത്രി 11 മുതല്‍ രാവിലെ എട്ടു വരെ ശല്യം ചെയ്ത സന്തോഷ്‌കുമാറിനെതിരെയാണ് നടപടി

തിരുവനന്തപുരം: യുവ ഐഎഎസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ റവന്യു ഡിവിഷണല്‍ ഓഫീസിലെ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. മേലുദ്യോഗസ്ഥയോട് ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങള്‍ അയച്ച റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ക്ലര്‍ക്ക് ആര്‍.പി സന്തോഷ് കമാറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.

സന്തോഷ് കുമാര്‍ സന്ദേശം അയച്ചത് സംബന്ധിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് സബ് കലക്ടര്‍ മെയ് ഏഴിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. സന്തോഷ് കമാര്‍ സന്ദേശങ്ങള്‍ അയച്ചത് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സബ് കലക്ടര്‍ നല്‍കിയ പരാതി പ്രകാരം 2024 മെയ് ആറിന് രാത്രി 11 നും അടുത്ത ദിവസം രാവിലെ എട്ടിനും ഇടയില്‍ നിരവധി തവണ സന്തോഷ് കമാര്‍ ഫോണ്‍ വിളിച്ചു. ശല്യം സഹിക്കവയ്യാതെ ഫോണ്‍ എടുത്ത് ഇനി വിളിക്കരുത് എന്ന് താക്കീത് നല്‍കിയതിനു ശേഷവും നിരവധി തവണ ഫോണ്‍ വിളി തുടര്‍ന്നു. ഫോണ്‍ എടുക്കാത്തതിനാല്‍ ഓദ്യോഗിക പദവിക്ക് നിരക്കാത്ത തരത്തിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച് ശല്യം തുടര്‍ന്നു. സന്തോഷ് കുമാറിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ സബ് കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് യുവ ഐഎഎസ് ഓഫീസര്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് വകുപ്പുതലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സസ്പെന്‍ഷന്‍ എത്ര കാലത്തേക്കെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments