NationalNews

വിമാനങ്ങള്‍ ഇന്നും മുടങ്ങി; എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി: രാജ്യത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. അതേസമയം, ഇന്നും എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരം മസ്‌കറ്റ് വിമാനം റദ്ദാക്കിയത് അവസാന നിമിഷമായിരുന്നു. കണ്ണൂരില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ടും തിരുവനന്തപുരത്ത് നിന്നുമുള്ള സര്‍വീസുകളെയും ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് ബാധിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി സിക്ക് ലീവെടുത്ത് അവധിയില്‍ പ്രവേശിച്ച ജീവനക്കാരോട് ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ജോലിക്ക് തിരിച്ചുകയറാൻ മാനേജ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. അവധിയെടുക്കുകയും മറ്റ് ജീവനക്കാരെ അവധിക്ക് പ്രേരിപ്പിക്കുകയും ചെയ്ത 25 പേർക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ജീവനക്കാര്‍ അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂര്‍വമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ക്യാബിന്‍ ക്രൂ അംഗത്തിനു നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം എയര്‍ ഇന്ത്യ ജീവനക്കാരുമായുള്ള തര്‍ക്കത്തില്‍ മാനേജ്‌മെന്റിനെ ലേബര്‍ കമ്മിഷണര്‍ രൂക്ഷമായി വിമര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. തൊഴില്‍ നിയമത്തിന്റെ ലംഘനം നടന്നു എന്നാണ് ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മിഷണറുടെ വിമര്‍ശനം.

ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷന്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ എയര്‍ ഇന്ത്യ ചെയര്‍മാന് അയച്ച ഇമെയിലിലാണ് വിമര്‍ശനമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *