ദില്ലി: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനവും പിന്‍വലിക്കും.
റീജനല്‍ ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരും തമ്മിലെ ധാരണയുടെ പകര്‍പ്പ് മലയാളം മീഡിയ ലൈവിന് ലഭിച്ചു.അവധിയെടുത്തവര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഉടന്‍ ജോലിയില്‍ പ്രവേശിക്കും. അടുത്തഘട്ട ചര്‍ച്ച ഈമാസം 28ന്.
എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നെന്നായിരുന്നു ഡൽഹി റീജനൽ ലേബർ കമ്മിഷണറുടെ വിമർശനം.
ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കിയാണ് എയർ ഇന്ത്യ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ചത്. ഡൽഹി റീജനൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലായിരുന്നു വിമർശനം.
സമരമുഖത്തുള്ള 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. ചൊവ്വാഴ്ച രാത്രിയോടെയാണ് കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത്. ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു.