മുംബൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
1990 -ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. 1992-ൽ സംവിധാനംചെയ്ത യോദ്ധ മലയാളികളുടെ എക്കാലത്തെയും ഇഷ്ടചിത്രമാണ്. ഈ ചിത്രത്തിലൂടെ എ.ആർ. റഹ്മാനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് സംഗീത് ശിവനാണ്. തുടർന്ന് ഡാഡി, ഗാന്ധർവം, ജോണി, നിർണയം, സ്നേഹപൂർവം അന്ന എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. 2012-ൽ പുറത്തിറങ്ങിയ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും സംഗീത് ശിവനായിരുന്നു. 2017-ൽ ഇ എന്ന ചിത്രം നിർമിച്ചു.
ഹിന്ദിയിൽ എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ സോർ ആയിരുന്നു ബോളിവുഡിലെ ആദ്യ സംവിധാനസംരംഭം. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ അപ്നാ സപ്നാ മണി മണി, 2009-ൽ ഏക് -ദ പവർ ഓഫ് വൺ, 2010-ൽ ക്ലിക്ക്, 2013-ൽ യംലാ പഗലാ ദീവാനാ 2, 2019-ൽ ഭ്രം എന്നീ ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിലൊരുക്കി.
ചലച്ചിത്ര ജീവിതത്തിന്റെ തുടക്കകാലത്ത് ഡോക്യുമെന്ററി ചിത്രങ്ങളും ചെയ്തിരുന്നു. ജോണി എന്ന ചിത്രത്തിലൂടെ കുട്ടികൾക്കുള്ള ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം സംഗീത് ശിവനെ തേടിയെത്തി.