സച്ചിൻദേവിന്റെ പരാതിയില്‍ അഡ്വ. എ. ജയശങ്കറിനെതിരെ കേസ്; ജാതി അധിക്ഷേപമെന്ന് ആരോപണം

സച്ചിൻ ദേവ് എംഎല്‍എ, അഡ്വ. എ. ജയശങ്കർ

തിരുവനന്തപുരം: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ജയശങ്കറിനെതിരെ കേസ്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെയും പരാമർശിച്ച് ഒരു യൂടൂബ് ചാനലില്‍ വീഡിയോ ചെയ്തിരുന്നു. ഇതില്‍ സച്ചിൻ ദേവിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

‘നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സച്ചിന്‍ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല’, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറയുന്നത്. ഇതിനെതിരെയാണ് സച്ചിൻ ദേവ് പരാതി നല്‍കിയത്.

അതേസമയം, മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.

എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന്‌ അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിെന്റയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എം.എൽ.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്.

എന്നാൽ, കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഇതിൽ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ പോലീസിന് ഒഴിവാക്കാം. രണ്ട് കേസുകളും ഒരേ സംഭവത്തിലുള്ളതായതിനാൽ ഒന്നിച്ചായിരിക്കും അന്വേഷിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments