തിരുവനന്തപുരം: രാജ്യത്ത് വിവിധ വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വ്യാപകമായി സര്‍വീസ് മുടക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍. കണ്ണൂരില്‍ നിന്നും ഷാര്‍ജ, മസ്‌കറ്റ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതാണ് യാത്രാദുരിതത്തിന് കാരണം. 60 ജീവനക്കാർ ഒരുമിച്ച് മെഡിക്കല്‍ ലീവെടുത്ത് മാറി നിന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
നെടുമ്പാശേരിയില്‍ നിന്നും പുലര്‍ച്ചെ 2.50ന് പുറപ്പടേണ്ട ഷാര്‍ജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്‌കത്ത് വിമാനവും റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും മസ്‌കത്ത്, ദുബായ്, അബുദാബി വിമാനങ്ങള്‍ റദ്ദാക്കി.
ഇതേതുടര്‍ന്ന് നൂറു കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. അധികൃതര്‍ സര്‍വീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നല്‍കുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അനൗദ്യോഗിക വിശദീകരണം.
യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ പണം മടക്കി നല്‍കുകയോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.