വീണയുടെ മാസപ്പടിയില്‍ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് എംഎല്‍എയുടെ ആവശ്യം തള്ളിയത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.

സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകൾ കുഴൽനാടൻ്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലൻസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണത്തിന് ഉത്തരവിടാൻ പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

സിഎംആ‌ർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആ‌ർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് മാത്യൂ കുഴൽനാടൻ ഹാജരാക്കിയത്.

എന്നാൽ ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി സംശയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്‍റെ തെളിവാണെന്നും മാത്യുവിൻ്റെ അഭിഭാഷകൻ വിശദീകരിച്ചു.

സിഎംആർഎല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തു എന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖ എന്നിവയാണ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി രാജകുമാറാണ് ഹർജിയിൽ വിധി പറയുക.

ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ ഉടമ എസ്. എൻ. ശശിധരൻ കർത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments