തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിയുടെ ചിത്രംവെച്ചുള്ള പോസ്റ്റര്‍ അച്ചടിച്ചതിന് ചെലവായ തുക കൊടുക്കാന്‍ പണമില്ല. നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ കഴിവുകളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പോസ്റ്ററും ബ്രോഷറുകളും ക്ഷണകത്തുകളും പ്രിന്റ് ചെയ്തത്. എന്നാല്‍ അതിന്റെ ചെലവ് കൃത്യമായി വഹിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.
സി ആപ്റ്റിനായിരുന്നു അച്ചടി പ്രചരണത്തിന്റെ ചുമതല. ഇവര്‍ക്ക് കിട്ടാനുണ്ടായിരുന്നത് 9.16 കോടി രൂപയായിരുന്നു. ഡിസംബറില്‍ പ്രിന്റ് ചെയ്ത പ്രചരണ സാമഗ്രികളുടെ വില അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ആപ്പ് മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 1.68 കോടി ആദ്യ ഗഡുവായി നല്‍കാം എന്നായിരുന്നു ധനമന്ത്രി ബാലഗോപാലിന്റെ തീരുമാനം.
1.68 കോടി അനുവദിച്ച് പി.ആര്‍.ഡി ഉത്തരവ് മെയ് അഞ്ചിന് ഇറങ്ങിയിട്ടുണ്ട്. ബാക്കി 7.48 കോടി എന്ന് കൊടുക്കാന്‍ പറ്റുമെന്ന് പറയാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പോലും ഉറപ്പില്ല. സാമ്പത്തിക പ്രതിസന്ധി അത്ര രൂക്ഷമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ പ്രിന്റ് ചെയ്തവരോട് പോലും ബാലഗോപാല്‍ കടം പറയുന്നത്.