
ക്ഷാമബത്ത 15 ൽ നിന്ന് 18 ലേക്ക്! 2022 ജൂലൈ മുതലുള്ള കുടിശിക ലഭിക്കുമോ? പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ക്ഷാമബത്ത കുടിശിക 3 ശതമാനം അനുവദിച്ചതോടെ ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനമായി ഉയരും. നിലവിൽ 15 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. 2022 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്തയാണ് ഇന്ന് അനുവദിച്ചത്. സെപ്റ്റംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ഇപ്പോൾ പ്രഖ്യാപിച്ച ക്ഷാമബത്ത ലഭിക്കും.
2022 ജൂലൈ മുതൽ ലഭിക്കേണ്ട കുടിശിക അനുവദിക്കുമോ എന്ന് ബാലഗോപാൽ വ്യക്തമാക്കിയിട്ടില്ല. ഉത്തരവ് ഇറങ്ങുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം 3 ഗഡു ക്ഷാമബത്തയാണ് ഇതുവരെ അനുവദിച്ചത്. 2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ 3 ഗഡു ക്ഷാമബത്തയായിരുന്നു അനുവദിച്ചത്. എന്നാൽ അനുവദിച്ച ഈ 3 ഗഡു ക്ഷാമബത്തയ്ക്കും ബാലഗോപാൽ കുടിശിക നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത്. പെൻഷൻകാർക്ക് കുടിശിക പണമായും ജീവനക്കാർക്ക് കുടിശിക അവരുടെ പി.എഫ് അക്കൗണ്ടിലും ലയിപ്പിക്കുക ആയിരുന്നു മുൻകാല പതിവ്.
ആ പതിവ് ബാലഗോപാൽ ഇല്ലാതാക്കിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് ഇത്തവണ പ്രഖ്യാപിച്ച ഡി.എ യ്ക്ക് എങ്കിലും ബാലഗോപാൽ കുടിശിക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും.