ഡ്രൈവിങ് പരിഷ്കരണം ; പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആക്കി : ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. ഇതിൽ 25 പേർ പുതിയ അപേക്ഷകരും പത്ത് പേർ റീ ടെസ്റ്റ് അർഹത നേടിയവരുമായിരിക്കും.

ബാക്കി അഞ്ചു പേർ വിദേശജോലി/പഠനം എന്നീ ആവശ്യാർഥം പോകേണ്ടവർ, വിദേശത്ത് നിന്ന് അവധി എടുത്ത് അടിയന്തരമായി മടങ്ങിപോകേണ്ട പ്രവാസികൾ എന്നീ വിഭാഗങ്ങൾക്കായി മാറ്റി വച്ചിട്ടുണ്ട്.

ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്.

15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് നിബന്ധനയ്‌ക്ക് വിധേയമായി ഇളവ് വരുത്തി.

ആറു മാസം കൂടി 15വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കിയത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments