തിരുവനന്തപുരം: ശമ്പളം കുറവാണെങ്കിലും നഗരപിതാവായ മേയറാണ് പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയ്ക്ക് മുന്നിൽ. എം.പിമാരും പ്രോട്ടോക്കോളിൽ മേയറേക്കാൾ പിന്നിലാണ്.
15800 രൂപയാണ് മേയറുടെ ശമ്പളം. ഓണറേറിയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എംഎൽഎയുടെ ശമ്പളം 70000 രൂപയാണ്. പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, ഗവർണർ എന്നിവരാണ് പ്രോട്ടോക്കോൾ പ്രകാരം ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ളവർ.
മുൻ പ്രസിഡണ്ടുമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. അതിന് പിന്നിലാണ് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും. ഡെപ്യൂട്ടി സ്പീക്കർക്ക് ഒപ്പം ആണ് പ്രോട്ടോക്കോൾ പ്രകാരം മേയറുടെ സ്ഥാനം. അതിന് പിന്നിലാണ് എം.പിമാരും എം എൽ എമാരും.
പദവികളില്‍ മുമ്പിലാണെന്ന് കരുതി ബസ് തടയാനുള്ള അധികാരം മേയർക്കില്ല. നഗരത്തിലെ ഗതാഗത പരിഷ്ക്കരണ കമ്മിറ്റിയുടെ അധ്യക്ഷ മേയറാണ്. റോഡ് വൺവേ ആക്കൽ, ഗതാഗത ക്രമീകരണം എന്നിവയടക്കം നടപ്പിലാക്കുന്നത് ഈ കമ്മിറ്റിയാണ്. ആര്യ രാജേന്ദ്രന് ബസ് തടയാൻ അധികാരമില്ലെന്ന് വ്യക്തം. എം.എൽ.എയ്ക്ക് ബസിൽ കയറി പരിശോധിക്കാനും അധികാരമില്ല.