തിരുവനന്തപുരം: മേയർ – ഡ്രൈവർ തർക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവർ യദുവിന് ക്ലിൻ ചിറ്റ് നൽകി വിജിലൻസ് വിഭാഗം റിപ്പോർട്ട്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങള്‍ യദു ചെയ്തതായി കണ്ടെത്താനായിട്ടില്ല.
അതേസസമയം, താൻ മേയറാണ് എന്ന് പറഞ്ഞതിന് ശേഷവും യദു പ്രോട്ടോക്കോൾ പാലിക്കാതെ സംസാരിച്ചു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യദുവിൻ്റെ ഭാഗത്ത് കണ്ടെത്തിയ ഏക കുറ്റം ഇതാണ്. റിപ്പോർട്ട് മന്ത്രി ഗണേഷ് കുമാറിന് സമർപ്പിച്ചു. യദുവിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് മന്ത്രിക്ക് തീരുമാനിക്കാം.
അതേസമയം, ബസിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതേയുള്ളൂ. ഇരുവരുടെയും ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ നിർണായകമായ മെമ്മറി കാർഡ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇരുവിഭാഗത്തിനും അറിയില്ലെന്നാണ് പറയുന്നത്.
സംഭവ ദിവസം പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോള്‍ ബസിനുള്ളിലേക്ക് പോലും തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും യദു വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി സിഎംഡിക്കും യൂണിയന്‍ നേതാക്കള്‍ക്കും മാത്രമാണ് ബസിനുള്ളില്‍ കയറാന്‍ അവകാശം. കമ്മീഷണര്‍ ഓഫീസില്‍ ഇന്നലെ പരാതി നല്‍കിയെങ്കിലും താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. പകരം രസീത് നല്‍കി തന്നെ പറഞ്ഞ് അയക്കുകയായിരുന്നെന്നും യദു പറഞ്ഞു.
മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.