വിവാദ ഫയലുകളില്‍ ‘അദൃശ്യ കൈ’കളുടെ ഇടപെടല്‍; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഹാക്കിങ് ടീമിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോർട്ട്
തിരുവനന്തപുരം: ഉന്നതരുടെ അറിവോടെ സെക്രട്ടറിയേറ്റിലെ ഇ-ഫയലുകൾ ചട്ടവിരുദ്ധമായി ഹാക്ക് ചെയ്ത് കൈവശപ്പെടുത്തുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നതായി ഐ.ബി റിപ്പോർട്ട്. ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഐ.ടി സെല്ലിലെ കരാർ ജീവനക്കാരുടെ സഹായത്തോടെയാണ് ഈ സംഘം വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്നത്.
വിവാദ ഫയലുകളിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പ്രതികൂലമായ അഭിപ്രായങ്ങൾ എഴുതുന്നത് തടയാനാണ് ഈ രീതിയിൽ ഫയലുകൾ ‘ബാക്ക് എൻഡിൽ’ നിന്ന് മോഷ്ടിക്കുന്നത്. അഴിമതി ചൂണ്ടിക്കാണിച്ച് ഫയലിൽ നോട്ടെഴുതുന്ന ഉദ്യോഗസ്ഥരെ നിഷ്പ്രഭമാക്കാൻ ഇതുവഴി സാധിക്കും. എന്നാൽ അവർ ഫയൽ കണ്ട് പോയതായിട്ടാണ് രേഖയിൽ കാണിക്കുക. വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും വിജിലൻസ് കേസിൽ പ്രതി ചേർക്കുമ്പോഴായിരിക്കും ആ ഉദ്യോഗസ്ഥൻ ആ ഫയൽ ആദ്യമായി കാണുന്നത്. പാസ് വേഡും ലോഗിനും ഉപയോഗിച്ച് അതാത് ഉദ്യോഗസ്ഥർക്ക് മാത്രം തുറക്കാൻ പറ്റുന്ന ഫയലുകൾ സിസ്റ്റം ഹാക്ക് ചെയ്ത് അവരുടെ അറിവില്ലാതെ അപ്രത്യക്ഷമാക്കുന്ന നൂതന വിദ്യയാണ് ഇപ്പോൾ വെളിപ്പെട്ടത്. നൂറുകണക്കിന് ഫയലുകൾ ഇത്തരത്തിൽ അപ്രത്യക്ഷമാക്കിയിരിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. മൈനിംഗ് & ജിയോളജി, വനം-വന്യജീവി, റവന്യു, എക്സൈസ് നികുതി വകുപ്പ്, പട്ടികവർഗ്ഗ ക്ഷേമം, ആരോഗ്യക്ഷേമം, സിവിൽ സപ്ലൈസ്, വ്യവസായം, പൊതുമരാമത്ത് എന്നീ വകുപ്പുകളിൽ നിന്നാണ് കൂടുതൽ ഫയലുകളും നിയമവിരുദ്ധമായി മാറ്റിയതെന്ന് ആക്ഷേപമുണ്ട്. ജോയിന്റെ സെക്രട്ടറി മുതൽ മുകളിലേക്കുള്ള പലരുടെയും അക്കൗണ്ട് ഇത്തരത്തിൽ ഹാക്ക് ചെയ്തതായി പറയുന്നു.
താഴെ തട്ടിലെ ഉദ്യോഗസ്ഥരുടെ ഫയലുകൾ അവരറിയാതെ പുൾ ചെയ്ത് എടുക്കാൻ ആവശ്യപ്പെട്ട് ഇ-മെയിൽ അയക്കുക ആണ് മുതിർന്ന ഉദ്യോഗസ്ഥന്റെ കലാപരിപാടി. ചില ഘട്ടങ്ങളിൽ ഇ-മെയിൽ അയക്കാതെയും ഫയൽ പൊക്കും. ഇത്തരം കേസുകൾ ഇനി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് വിദ്ഗ്ദ്ധർ പറയുന്നു.
കരാർ ജീവനക്കാരും സെക്രട്ടേറിയറ്റിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലെ ഉന്നതനും ഉൾപ്പെട്ട ഈ സംഘം വിവിധ വകുപ്പുകളിലെ വിവാദ ഫയലുകളിൽ അനുകൂല തീരുമാനം എടുപ്പിച്ച് നൽകുന്നതിന് ‘കരാറെടുക്കുകയും’ അതിനൊരു തുക കൈപ്പറ്റുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഘം ഏറ്റെടുത്ത ഫയലുകളുടെ പോക്ക് ശരവേഗത്തിലാവും. ആരും എതിരഭിപ്രായം എഴുതുകയുമില്ല. വിവിധ വകുപ്പുകളിൽ വിജിലൻസ് അന്വേഷണം ശിപാർശ ചെയ്ത ഫയലുകളും ഇതിൽ ഉൾപ്പെടും.
നീണ്ട അവധിയിൽ പ്രവേശിക്കുന്നവരുടെയും സ്ഥലം മാറി പോകുന്നവരുടെയും ഫയലുകളാണ് യഥാർത്ഥത്തിൽ ബാക്കെന്റ് വഴി കൈമാറാൻ അനുവാദമുള്ളത്. ഓരോ ഉദ്യോഗ്സ്ഥനും പാസ്‌വേഡ് ഉള്ള അക്കൗണ്ട് ആയതിനാൽ ഐ. ടി. നിയമപ്രകാരം അയാളെയും അറിയിച്ചാണ് ഫയൽ കൈമാറ്റം ചെയ്യാറ്. റിമാർക്സ് കോളത്തിൽ ഫയൽ പുൾ ചെയ്യാനുണ്ടായ അടിയന്തര കാരണം സൂചിപ്പിക്കണമെന്നാണ് ചട്ടം. ഉദ്യോഗസ്ഥൻ പ്രസവ അവധിയിലാണ് എന്ന കാരണം റിമാർക്സ് കോളത്തിൽ സൂചിപ്പിച്ച് ഫയൽ പുൾ ചെയ്ത സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ആൺ ഉദ്യോസ്ഥനായ താൻ പ്രസവ അവധിയിലോ എന്ന കാരണം കണ്ട് ഉദ്യോഗസ്ഥൻ ഞെട്ടി.
ആരും അറിയാതെ ഫയൽ പുൾ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥൻ തന്റെ ചുമതലയിലല്ലാത്ത പല വകുപ്പുകളിലും ഇടപെടുന്നതായി ചീഫ് സെക്രട്ടറിക്ക് മുൻപും പരാതി ലഭിച്ചിട്ടുള്ളതാണ്. തൽക്കാലം കുറ്റം ഐ.ടി സെല്ലിന്റെ കരാറുകാരന്റെ തലയിൽ ചാർത്തി ഉന്നതൻ രക്ഷപ്പെടും എന്നാണ് സൂചന. എന്നാൽ ഫയലുകൾ പുൾ ചെയ്യാൻ ആവശ്യപ്പെട്ട് അയച്ച എല്ലാ ഇ മെയിലുകളും ഈ ഉന്നതന്റെയാണ്. പാസ് വേഡ് വെച്ച് സുരക്ഷിതമാക്കിയ അക്കൗണ്ടിൽ അതിന്റെ ഉടമയുടെ അറിവില്ലാതെ പ്രവേശിക്കുന്നതോ ഡാറ്റ കൈവശപ്പെടുത്തുന്നതോ ഐ.ടി. ആക്റ്റ് സെക്ഷൻ 43 പ്രകാരം ഗുരുതരമായ കുറ്റമാണ്.
എത്ര വലിയ മേലുദ്യോഗസ്ഥനായാലും നിയമപ്രകാരം ഫയലുകൾ ഇത്തരത്തിൽ കൈവശപ്പെടുത്താൻ സാധിക്കില്ല. ജാമ്യമില്ലാത്ത അറസ്റ്റും, മൂന്ന് വർഷം വരെ തടവും, മൂന്ന് ലക്ഷം മുതൽ ഒരു കോടി വരെ പിഴയും ഇടാവുന്ന കുറ്റമാണ് വർഷങ്ങളായി സെക്രട്ടേറിയറ്റിൽ നടന്നു കൊണ്ടിരുന്നത്. ഫയൽ നഷ്ടപ്പെട്ടത് മനസ്സിലാക്കി ഏതെങ്കിലും ഒരു കീഴുദ്യോഗസ്ഥൻ രേഖാമൂലം പരാതി നൽകിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനും സംഘത്തിനുമെതിരെ കേസെടുകേണ്ടി വരും.
സെക്രട്ടേറിയേറ്റിലെ 99 ശതമാനം ഫയലുകളും ഇ – ഓഫിസ് വഴിയാണ് ചെയ്യുന്നത്. സോഫ്റ്റ് വെയർ തകരാർ ആണ് ഇതിന്റെ പിന്നിലെന്നാണ് സംശയനിഴലിൽ ഉള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ വാദം. സംഭവം വിവാദമായതോടെ, കൂടുതൽ വിവരങ്ങൾ പുറത്താവാതിരിക്കാൻ ‘പിന്നാമ്പുറം വഴിയുള്ള’ ഫയൽ കടത്ത് പൂർണ്ണമായും നിർത്തി വെക്കാൻ ഐ.ടി. വകുപ്പ് കരാർ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഈ-ഓഫീസ് സംവിധാനം നിർമ്മിച്ച കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.ഐ.സി. ഐ.ബി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ ഈ വീഴ്ച അന്വേഷിക്കുന്നുണ്ട്. ഔദ്യോഗികമായി അന്വേഷണം നടത്താതെ ഉന്നത ഉദ്യോഗസ്ഥനെയും സംഘത്തെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
Mafia gang hacks files in Kerala Secretariat; Officials remain unaware until vigilance case emerges