തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മില്‍ നടന്ന തർക്കത്തിലും കേസിലും തെളിവുകൾ തേടി ബസിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷിച്ച് പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി.
ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ബസിനുള്ളിൽ കയറി സച്ചിൻദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്നതിനുള്ള നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നൽകിയ പരാതിയിൽ നടപടി അനിശ്ചിതത്വത്തിലാണ്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറഞ്ഞു.
പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം 3 ക്യാമറകളാണു ബസിലുള്ളത്.
ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും ബസിന് ഉള്ളിലും ക്യാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതിനും ഡ്രൈവര്‍ കാബിനില്‍ നടന്ന സംഭവങ്ങളും ഈ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമായിരുന്നു. ഇതിനിടെയാണ് ബസില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് കാണാതാകുന്നത്.