എറണാകുളം : കൊടും ചൂടിൽ വലയുന്ന ജനങ്ങളെ വലച്ച് കെ.എസ്.ഇ.ബി. രാത്രിയുൾപ്പെടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്. ചീട് സഹിക്കാനാവാതെ ജനം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമരം തുടങ്ങി. ഇന്നലെ രാത്രി കൊച്ചിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ രോഷം പ്രകടിപ്പിച്ചു.
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ തിരിച്ചു പോവില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ . വൈദ്യുതി മുടക്കിയ കെഎസ്ഇബിക്കെതിരെ അതി ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, പോണേക്കര, കറുകപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വിച്ഛേദിച്ചത്.
ഏറെ നേരം കഴിഞ്ഞും കറന്റ് വരാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.
അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ലൈനുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡ് വന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാായിരുന്നു ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തിനെ കുറിച്ചും, ട്രാൻസ്‌ഫോമറുകളുടെ ശേഷി എന്തുകൊണ്ട് ഉയർത്തുന്നില്ലെന്ന ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് മറുപടിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.