പവര്‍കട്ട് വേണമെന്ന് KSEB; സര്‍ക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതോടെ പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്ഇബി. പവര്‍കട്ട് ആവശ്യത്തോട് വൈദ്യുതി മന്ത്രി മറുപടി നല്‍കിയിട്ടില്ല. ഇതോടെ കെഎസ്ഇബി ഉന്നതതല യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് ഔദ്യോഗികകമായി ആവശ്യപ്പെടാനാണ് നീക്കം നടക്കുന്നത്.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് വര്‍ദ്ധിക്കുകയാണ്. പ്രതിദിന ഉപഭോകം 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഓവര്‍ലോഡ് കാരണം ഇതുവരെ 700 ട്രാന്‍സ്‌ഫോമര്‍ കേടായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. അമിത ഉപഭോഗം കാരണം പലയിടത്തും ഫീഡറുകള്‍ക്ക് തടസ്സം വരുന്നുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് സംഭവിക്കുന്നത് ഓവര്‍ലോഡ് കാരണമാണെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളംമാത്രം. ലോഡ് കൂടി ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നുവെന്നാണ് അപ്രഖ്യാപിത പവര്‍കട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. 15 മിനിട്ടുമുതല്‍ അരമണിക്കൂര്‍ വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് ഇടേണ്ടി വരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിനാൽ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ്‌ കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നവും വൈദ്യുതിച്ചെലവും കെഎസ്‌ഇബിക്ക് തലവേദനയാകുന്നുണ്ട്. ഇതുകൊണ്ടാണ് പവർകട്ട് എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോക്താക്കളുടെ സഹകരണവും വൈദ്യുതി ബോർഡ് തേടുന്നുണ്ട്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ ഇടയ്‌ക്കിടെ അധികലോഡ് കാരണം ഫീഡറുകളിൽ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും.

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളിൽ നിന്നും നേരത്തേ പരാതി ഉയർന്നിരുന്നു. വൈകിട്ട് ആറുമുതൽ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി.

ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടം കൂടും. ജലവൈദ്യുതി ഉത്‌പാദനം കൂട്ടിയാണ് കെഎസ്‌ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്‌പാദനം ദിവസം 13 – 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തിൽ നിന്ന് 43 ശതമാനമായി കുറഞ്ഞു.

ഇത് തുടർന്നാൽ അടുത്ത മൺസൂൺ വരെ ജലവൈദ്യുതി ഉത്‌പാദനം നിലനിറുത്താനാകാതെ വരും. അതിനാൽ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വർഷം കൊണ്ട് 21 സബ്സ്റ്റേഷനുകൾ നിർമ്മിച്ചതിനാൽ വിതരണത്തിന് തടസമില്ലെന്നുമാണ് കെഎസ്ഇബി വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments