Sports

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രോഹിത് ശർമ ക്യാപ്റ്റൻ

ട്വിന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത ശർമയാണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജുസാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടു. രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. കീപ്പറായി റിഷഭ് പന്താണ് സഞ്ജുവിനൊപ്പം ഉള്ളത്. കെഎല്‍ രാഹുല്‍ ടീമില്‍ ഇടംനേടിയിട്ടില്ല.

മലയാളി താരം സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറ്റിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ.

ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ്‌ സ്പിന്‍ ദ്വയം.

പാകിസ്താന്‍, അയർലന്‍ഡ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജൂണ്‍ അഞ്ചിന് അയർലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിനാണ് പാകിസ്താനുമായുള്ള നിർണായക പോരാട്ടം. ജൂണ്‍ 12ന് അയർലന്‍ഡിനേയും ജൂണ്‍ 15ന് കാനഡയേയും രോഹിതും സംഘവും നേരിടും.

ടീം ഇന്ത്യ:-

രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സ്റ്റാന്‍ഡ് ബൈ:- ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

Leave a Reply

Your email address will not be published. Required fields are marked *