
തിരുവനന്തപുരം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ക്ക് മുടക്കം. ഇന്നും, മെയ് ദിനമായ നാളെയും നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
ഇന്ന് (30) വൈകീട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), മെയ് 1ന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍- എറണാകുളം മെമു (06017), വൈകീട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്‌പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചര്‍ (06453) എന്നിവയാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ചൊവ്വാഴ്ച്ച മധുരൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും, കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടും, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും സര്‍വീസ് അവസാനിപ്പിക്കും.
ബുധനാഴ്ച്ച ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
1ന് വൈകീട്ട് 5.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്‌റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. വേണാട് എക്‌സ്പ്രസ് ട്രെയിന്‍ മെയ് ഒന്നുമുതല്‍ എറണാകുളം സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയാകും സര്‍വീസ് നടത്തുകയെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.