KeralaNews

മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവർക്കെതിരെ നടപടി എടുക്കാനാവില്ല ; ന്യായം നോക്കി തീരുമാനമെടുക്കാൻ സമയം വേണമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേശ് കുമാർ. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ല. അതിനാൽ, പൊലീസ് റിപ്പോർട്ടും കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോ‌ർട്ടും ലഭിക്കുന്നതുവരെ നടപടിയെടുക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഒരു മാദ്ധ്യമത്തോടാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്.

ന്യായത്തിന്റെ ഭാഗത്ത് നിൽക്കണം. മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്ന് കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ല. പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രം യദുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകും എന്നാണ് ​ഗതാ​ഗതമന്ത്രിയുടെ നിലപാട്. യദുവിന് പിന്തുണയുമായി കെഎസ്‌ആർടിസിയിലെ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മേയർക്കെതിരായുള്ള രാഷ്‌ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് സിപിഎം നേതാക്കളുടെ വാദം. സംഭവത്തിൽ ഗണേശ് കുമാറിന്റെ നിർദേശപ്രകാരമാണ് ദൃക്‌സാക്ഷികളോട് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ റിസർവേഷനിൽ യാത്ര ചെയ്‌തവരുടെ ഫോൺ നമ്പറുകളെടുത്താണ് വിജിലൻസ് മൊഴി രേഖപ്പെടുത്തിയത്. ബസിലെ കണ്ടക്‌ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

മേയറും സംഘവും ഡ്രൈവറെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങൾ ബുക്ക് ചെയ്‌ത യാത്ര പൂർത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ ശേഷിച്ചിട്ടും തങ്ങളെ പെരുവഴിയിൽ ഇറക്കിവിട്ടു എന്നും യാത്രക്കാർ പറഞ്ഞു. എംഎൽഎ ബസിനുള്ളിൽ കയറി വന്നാണ് യാത്രക്കാരെ ഇറക്കിവിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തിയ പൊലീസ് യാത്രക്കാരെ അറിയിച്ചത്.

One Comment

  1. In Kerala is it gunda raj or ……? Why the Mayor and her husband is allowed to move Scot free? Yet again proves Communist party is running dictatorship and anarchy? What a shame?

Leave a Reply

Your email address will not be published. Required fields are marked *