അശ്ലീല വീഡിയോ വിവാദം: പ്രജ്വൽ രേവണ്ണ രാജ്യം വിട്ടു; പുറത്തുവന്നത് ആയിരത്തിലേറെ ലൈംഗിക പീഡന ദൃശ്യങ്ങള്‍

ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരികളും സര്‍ക്കാര്‍ ജീവനക്കാരികളും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തായിരിക്കുന്നത്. ജെ.ഡി.എസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്.ഡി രേവണ്ണ, അദ്ദേഹത്തിന്റെ മകനാണ് പ്രജ്വല്‍. വിവാദം കത്തിപ്പടര്‍ന്നതോടെ രാജ്യം വിട്ടിരിക്കുകയാണ് പ്രജ്വല്‍.

അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസം മുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.

ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി- പരാതിക്കാരി പറഞ്ഞു.

രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ അശ്ലീല വീഡിയോ പ്രചരിക്കുന്നതില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വല്‍ പരാതിയും നല്‍കിയിരുന്നു. വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പ്രജ്വലിന്റെ പരാതിയില്‍ പറയുന്നത്.

കേസ് മുറുകുന്നതിനിടെ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടതായാണ് സൂചന. ജര്‍മനിയിലെത്തിയതായാണ് വിവരം. പാര്‍ട്ടിനേതൃത്വവും പ്രജ്വലിനെ കൈയൊഴിഞ്ഞു. എസ്.ഐ.ടി അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായി ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

2019 നും 2022 നും ഇടയിലാണ് പ്രജ്വലും പിതാവും വീട്ടിലെ വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിക്കല്‍ നടത്തിയതെന്നാണ് ഇപ്പോഴത്തെ പരാതിയില്‍ പറയുന്നത്. ഇവരുടെ പരാതിയും മറ്റുള്ളവരുടെ പരാതിയും പ്രജ്വലിനെതിരായ എഫ്‌ഐആറും അഡീഷണല്‍ ജനറല്‍ ഓഫ് പോലീസ് ബിജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് കൈമാറും. ഐപിഎസ് ഓഫീസര്‍മാരായ സുമന്‍ ഡി പെന്നേക്കര്‍, സീമ ലട്കര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.

പോളിംഗിന് മൂന്ന് ദിവസം മുമ്പ് ഹാസന്‍ മണ്ഡലത്തിലുടനീളം രണ്ടായിരത്തിലധികം പെന്‍ഡ്രൈവുകളാണ് പ്രചരിച്ചത്. ”പെന്‍ ഡ്രൈവുകള്‍ ബസ് സീറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലും പാര്‍ക്കുകള്‍ പോലുള്ള പൊതു സ്ഥലങ്ങളില്‍ ആളുകള്‍ക്ക് നല്‍കുകയും ചെയ്തു. ഈ പെന്‍ഡ്രൈവുകളില്‍ വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ 2000-ലധികം ഫയലുകള്‍ ഉണ്ടായിരുന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, വാട്ട്സ്ആപ്പില്‍ ഇവ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ക്ലിപ്പുകളില്‍ ഇരയായവരില്‍ പലരും സര്‍ക്കാര്‍ ജീവനക്കാരും ചില വീട്ടുസഹായങ്ങളും മറ്റുള്ളവര്‍ അസംഘടിത മേഖലയില്‍ നിന്നുള്ളവരുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments