പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബെഗുസാരായിയിൽനിന്നു പറന്നുയരുന്നതിനിടെയാണ് സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. എന്നാല്‍ അത്തരമൊരു സംഭവമുണ്ടായില്ലെന്നും അപകടസാധ്യതയില്ലെന്നുമാണ് വീഡിയോ പ്രചരിച്ചതോടെയുള്ള സർക്കാർ വിശദീകരണം.
TIMES CLIP@AmitShah #amitshah #helicopter #bjp #bihar #TimesClip #tortamil pic.twitter.com/ctrZLJXrNW
— Times of Republic Tamil (@timeofrepublic) April 29, 2024
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റർ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് സ്പർശിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഉടൻ തന്നെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റർ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ബിഹാറിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎയിലേക്കു തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകളിലും മത്സരിക്കുന്നു. മറ്റു സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എൽജെപിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും യഥാക്രമം 5, 1 സീറ്റുകളിൽ മത്സരിക്കും. ഇതുരെ ഒൻപതു സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.