സാമ്പത്തിക വർഷാരംഭം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യം; ശമ്പളവും പെൻഷനും മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ മുൻകൂർ അനുമതി വേണം. സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.

ഏപ്രിൽ മാസം ആദ്യം തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ അനുമതി വേണ്ടിയിരുന്നു. 1 ലക്ഷമാക്കി ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത് ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനാണെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

37512 കോടിയാണ് ഈ സാമ്പത്തിക വർഷം കടമെടുക്കാൻ സാധിക്കുന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും നേരത്തെ എടുത്ത കടം കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വെട്ടിക്കുറയ്ക്കും. ഇതോടെ കടമെടുക്കാനുള്ള തുക ഗണ്യമായി കുറയും. 25000 കോടിയായി കടമെടുപ്പ് ചുരുങ്ങും. ഇതിൽ 2000 കോടി ഈ മാസം കടമെടുത്ത് കഴിഞ്ഞു. 5000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി ചോദിച്ചെങ്കിലും 3000 കോടിയുടെ അനുമതി ആണ് കേന്ദ്രം നൽകിയത്. ഇതിൽ നിന്നാണ് 2000 കോടി കടം എടുത്തത്. 25000 കോടിയായി കടമെടുപ്പ് ചുരുങ്ങിയാൽ 2024 ഡിസംബർ, 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശമ്പളവും പെൻഷനും മുടങ്ങും.