
സിപിഎം അനുകൂല സംഘടനകള്‍ പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി ; ലക്ഷ്യം കള്ളവോട്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി
പത്തനംതിട്ട : സിപിഎം അനുകൂല സംഘടനകള്‍ പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തിയെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി. പത്തനംതിട്ടയിലെ പോളിംഗ് ഓഫീസര്‍മാരില്‍ ഭൂരിഭാഗവും ഇടത് അനുകൂലികളാണെന്നും ഇവരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർ ഇന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങുമ്ബോള്‍ മാത്രം അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതായി പറയപ്പെടുന്നത്. കള്ളവോട്ട് ചെയ്യാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. 380 ഓളം പേരുടെ യോഗം കള്ളവോട്ട് ചെയ്യാനായി വിളിച്ചെന്നും ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു.
പോളിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ ആളുകളായതിനാല്‍ അവിടെ കള്ളവോട്ട് ചെയ്യാമെന്നും പ്രചാരണം നടത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോരുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
അതേ സമയം ഗവർണർമാർ അനില്‍ ആൻ്റണിക്ക് വേണ്ടി സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു.