ലൈഫ് മിഷൻ അക്കൗണ്ടിലും സർക്കാർ കൈയിട്ടു വാരൽ!!
തിരുവനന്തപുരം: ലൈഫ് മിഷൻ അക്കൗണ്ടിൽ നിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാവപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനായി ലൈഫ് മിഷന് അനുവദിച്ച തുകയിലാണ് സർക്കാർ കൈയിട്ടു വാരിയത്.
മാർച്ച് 31 നാണ് ലൈഫ് മിഷൻ്റെ അക്കൗണ്ടിലെ തുക തിരിച്ചെടുത്തത്. ഈ തുകയിൽ നിന്ന് 2 കോടി തരണമെന്ന ലൈഫ് മിഷൻ്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. 2024 ഏപ്രിൽ , മെയ് മാസങ്ങളിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫിസിലേയും ജില്ലാ ഓഫിസിലേയും ശമ്പളം, വാഹന വാടക, ഓഫിസ് ചെലവുകൾക്കാണ് തിരിച്ചെടുത്ത തുകയിൽ നിന്ന് 2 കോടി അനുവദിച്ചത്.
ലൈഫ് മിഷൻ തുക സർക്കാർ പൂർണ്ണമായും ചെലവഴിക്കുന്നുണ്ടെന്ന മന്ത്രി എം.ബി രാജേഷിൻ്റെ വാദം പൊളിക്കുന്നതാണ് തദ്ദേശ സ്വയം ഭരണവകുപ്പ് ഈ മാസം 20 ന് ഇറക്കിയ ഉത്തരവ്. 2023-24 ൽ സംസ്ഥാന പദ്ധതി ഇനത്തിൽ ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ 333.09 കോടിയാണ് ലൈഫ് മിഷന് ബാലഗോപാൽ അനുവദിച്ചത്.
ഇതിൽ എം.ബി രാജേഷ് ചെലവഴിച്ചതാകട്ടെ 272. 72 കോടിയും. 60.36 കോടി അനുവദിച്ച തുകയിൽ പാഴാക്കി കളഞ്ഞു എന്ന് ഉത്തരവ് വ്യക്തമാക്കുന്നു. 717 കോടിയിൽ ചെലവായത് 272.72 കോടി മാത്രം. 444.28 കോഴി പാഴാക്കി. 9 ലക്ഷം പേർ ലൈഫ് മിഷന് വീടിന് വേണ്ടി ക്യൂ നിൽക്കുമ്പോഴാണ് ബജറ്റിൽ വകയിരുത്തിയ തുകയിൽ 444.28 കോടി എം.ബി രാജേഷ് പാഴാക്കി കളഞ്ഞത്.