മതപുരോഹിതരുടെ കേസ് പിൻവലിക്കാതെ സർക്കാർ. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, കൊല്ലം ലാറ്റിൻ ബിഷപ്പ് ഡോ. പോൾ മുല്ലശേരി , മാർത്തോമ്മ സഭ മെട്രോപൊളിറ്റൻ ഡോ. ജോസഫ് മാർ ബർണാബാസ്, സീറോ മലങ്കര സഭ ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയസ് എന്നിവരുടെ പേരിൽ എടുത്ത കേസാണ് ഇതുവരെ പിൻവലിക്കാത്തത്.

വിഴിഞ്ഞത്ത് പ്രതിഷേധം സംഘടിപ്പിച്ചതിന് നേതൃത്വം നൽകി എന്നാരോപിച്ചാണ് തിരുവനന്തപുരം ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസ് എടുത്തത്. വിഴിഞ്ഞം പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എത്തിയതിൻ്റെ പേരിലാണ് ഡോ. പോൾ മുല്ലശേരിക്കും ഡോ. സാമുവൽ മാർ ഐറേനിയസിനും ഡോ. ജോസഫ് മാർ ബർണാബാസിനെതിരെയും കേസ് എടുത്തത്.

ബിഷപ്പുമാരെ കൂടാതെ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര അടക്കമുള്ള 25 ഓളം വൈദീകർക്കെതിരെയും കേസുണ്ട്. പുരോഹിതരുടെ കേസ് പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. തിരുവനന്തപുരം അതിരൂപതയുടെ 3 FCRI അക്കൗണ്ടുകൾ വിഴിഞ്ഞം പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ മരവിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ശുപാർശയിലായിരുന്നു കേന്ദ്രത്തിൻ്റെ നടപടി.

ഒരു വർഷം 15 കോടിയുടെ സഹായമാണ് ഇതിലൂടെ നിലച്ചത്. അതിരൂപതയുടെ മിഷൻ പ്രവർത്തനവും ഇതിലൂടെ തടസ്സപ്പെട്ടു.തിരുവനന്തപുരം ലത്തീൻ അതിരൂപതയോടും മറ്റ് ബിഷപ്പുമാരോടും സർക്കാർ കാണിച്ച പ്രതികാര നടപടി ചർച്ചയായി മാറി കഴിഞ്ഞു.

വിഴിഞ്ഞം പ്രതിഷേധത്തിൽ പങ്കെടുത്ത പുരോഹിതൻമാരെ അവരുടെ ഫോട്ടോ അടക്കം കൊടുത്ത് തീവ്രവാദികൾ എന്നാണ് ദേശാഭിമാനി വിശേഷിപ്പിച്ചത്.തെരഞ്ഞെടുപ്പായതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയും ആയുള്ള ബന്ധം മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തിൻ്റെ സ്വന്തം സൈന്യത്തെ കൂടെ നിർത്താൻ കഴിയാത്തത് ലോകസഭ തെരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകും.