ഉപേക്ഷിച്ച മട്ടില്‍ നവകേരള ബസ്; ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്നു

തിരുവനന്തപുരം: കോടികള്‍ മുടക്കി വാങ്ങുകയും ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തുകയും ചെയ്ത ബസാണ് നവകേരള ബസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന പര്യടനം നടത്തിയപ്പോള്‍ ഉപയോഗിച്ച ബസായിരുന്നു ആ യാത്രയിലെ പ്രധാന ഹൈലൈറ്റ്. നവകേരള സദസ്സും കേരള പര്യടനവും കഴിഞ്ഞാല്‍ ഇത് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നായിരുന്നു സർക്കാർ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ആവശ്യമുണ്ടെങ്കിലും ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലാണ് ഈ ബസ്.

തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സിലാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വെറുതെയിട്ടിരിക്കുന്നത്. വിനോദയാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ മാറ്റംവരുത്തിയ ബസ്, ഒരുമാസംമുമ്പാണ് തിരികെ എത്തിച്ചത്. മന്ത്രിസഭ ഒന്നടങ്കം യാത്രചെയ്തതുവഴി ബസിന്റെ മൂല്യം ഇരട്ടിയാകുമെന്ന് ഇടതുനേതാക്കള്‍ അവകാശപ്പെട്ടെങ്കിലും ബസ് ഇപ്പോൾ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.

കെഎസ്ആർടിസിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി ബസ് ഉപയോഗിക്കാനായിരുന്നു നീക്കം. നവകേരള പര്യടനത്തിന് ശേഷം അറ്റകുറ്റപ്പണിക്കായി ജനുവരിയില്‍ ബംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിയിലെത്തിക്കുകയായിരുന്നു. നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത് വിവാദത്തിനിടയാക്കിയിരുന്നു.

ഇതിനിടെ ഗതാഗതമന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തില്‍ താല്‍പര്യംകുറഞ്ഞ മട്ടാണ്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസിയുടെ ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉന്നതതലത്തിലെ അനിഷ്ടം കാരണം തടസ്സപ്പെട്ടു. മൂന്നുമാസത്തോളം ബസ് ബെംഗളൂരുവില്‍ അനാഥമായി കിടന്നു. ഇത് പരാതിക്ക് ഇടയാക്കിയതോടെയാണ് കെഎസ്ആര്‍.ടിസി ബസ് വീണ്ടും ഏറ്റെടുത്തത്.

അരലക്ഷംരൂപ വിലവരുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തു. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി സീറ്റ് സൂക്ഷിക്കും. മന്ത്രിമാര്‍ക്ക് യാത്രചെയ്യാന്‍ സജ്ജീകരിച്ച ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലായിരുന്നു. സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കി. അതേസമയം, ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. ഒന്നരലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്.

ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വേനല്‍ക്കാലമായതിനാല്‍ ബജറ്റ് ടൂറിസത്തിന് യാത്രക്കാര്‍ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സിയുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ട്. എന്നിട്ടും ബസ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത് ഉന്നതതലത്തിലെ താത്പര്യക്കുറവ് കാരണമാണെന്ന് ആക്ഷേപമുണ്ട്.

4 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
SATHEESAN NAIR S
SATHEESAN NAIR S
4 months ago

കാട്ടിലെ തടി, തേവരുടെ ആന…