Malayalam Media LIve

സ്പീക്കർ ഷംസീറിനും നിയമസഭ സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 51. 43 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്പീക്കർ എ.എൻ ഷംസീറിനും നിയമസഭ സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു.

ആഗസ്റ്റ് ഒന്നിന് കർണ്ണാടകയിലെ ടൊയോട്ട കിർലോസ്ക്കർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നു ലഭിച്ച ഇൻവോയ്സ് പ്രകാരം വാഹനത്തിന്റെ വില 51,43,462 രൂപ. നവംബർ 18 ന് കർണ്ണാടകയിലെ ടൊയോട്ട കമ്പനിക്ക് 51,43,462 രൂപ അനുവദിച്ച് നിയമസഭ സെക്രട്ടറിയേറ്റ് ഉത്തരവ് ഇറക്കി.

നവകേരള സദസ്സിന്റെ തിരക്കിലാണ് സ്പീക്കർ എ.എൻ. ഷംസീർ. അദ്ദേഹത്തിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഇന്നലെ നടന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ അഹോരാത്രം പണിയെടുത്തിരിക്കുകയാണ്.

പരിപാടിക്ക് ആള് എത്തിയില്ലെങ്കിൽ പിണറായി കോപിക്കുമെന്ന് ഷംസിറിന് അറിയാം. പരിപാടി പരാജയപ്പെട്ടാൽ സ്പീക്കർ കസേര സ്വപ്നമാകും. അതുകൊണ്ട് തലശേരിയിൽ ആളെ കൂട്ടാൻ ഷംസീർ നേരിട്ടിറങ്ങി. കോളേജ് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരിപാടിക്ക് വരണമെന്ന് തലശേരിയിലെ കേപ്പ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാളിനോട് ഷംസീർ ആവശ്യപെട്ടത് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.

സ്പീക്കർ ആവശ്യപ്പെട്ടതോടെ കുട്ടികളെ മാത്രമല്ല കോളേജ് ബസും വിട്ട് കൊടുത്ത് പ്രിൻസിപ്പാൾ മാതൃകയായി. പാർട്ടി അണികൾ പോലും വിട്ടു നിൽക്കുന്ന നവകേരള സദസിന് ആളെ കൂട്ടാൻ കോളേജ് വിദ്യാർത്ഥികളെ ഇറക്കിയ ഷംസിറിനെ മറ്റുള്ളവർ മാതൃകയാക്കണം എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. പരിപാടി കഴിഞ്ഞതോടെ തലശേരിയിൽ പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നതും കാത്തിരിക്കുകയാണ് ഷംസീർ.

Leave a Reply

Your email address will not be published. Required fields are marked *