
29 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഇന്ത്യൻ സുരക്ഷാ സേന; കൊല്ലപ്പെട്ടവരില്‍ ശങ്കർ റാവുവും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പിടിച്ചുകൊടുത്താല് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു ശങ്കര്‍ റാവു. കാങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് കാങ്കര്‍ ജില്ലയിലെ ബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തില്‍ മാവോയിസ്റ്റുകളെ നേരിട്ടത്. പട്രോളിങ് സംഘം പ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും എകെ47, ഇന്‍സാസ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് നേതാക്കളായ ശങ്കര്‍ റാവു, ലളിത, രാജു എന്നിവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയില്‍ പരിശോധന നടന്നത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഐജി പി സുന്ദര്‍ അറിയിച്ചു. 29 മൃതദേഹങ്ങള്‍ കണ്ടെത്തി. ബസ്തര്‍ മേഖലയില്‍ നടന്ന ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ഐജി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ മൂന്നുപേരും ബിഎസ്എഫ് ഉദ്യോഗസ്ഥരാണ്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ വിശദമായ ചികിത്സ ലഭ്യമാക്കുന്നതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനൊപ്പം സംസ്ഥാന പോലീസ് സേനയുടെ ഭാഗമായ ഡിആര്‍ജിയിയും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിനായി 2008ല്‍ രൂപീകരിച്ചതാണ് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്.