തിരുവനന്തപുരം: ഫാബി റഷീദിന്റെ കുട്ടിക്കാലം മുതലുള്ള ലക്ഷ്യമായിരുന്നു സിവില്‍ സര്‍വീസ് എന്നത്. ആദ്യശ്രമത്തില്‍ 24ാം വയസ്സില്‍ 71ാം റാങ്ക് നേടിയിരിക്കുകയാണ് ഈ മിടുക്കി. ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചത് കഠിന പ്രയത്‌നത്തിലൂടെയാണ്. വിജയത്തിലേക്ക് എത്തിച്ച ഫാബിയുടെ ജീവിതം ഇങ്ങനെ.
വളരെയധികം സന്തോഷമുള്ള നിമിഷമാണിതെന്ന് ഫാബി റഷീദ് പറയുന്നു. ആദ്യത്തെ നൂറ് റാങ്കില്‍ വരണമെന്നായിരുന്നു ആഗ്രഹം 71ാം റാങ്ക് ലഭിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. ആദ്യത്തെ ശ്രമത്തില്‍ തന്നെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ വളരെയേറെ ആഗ്രഹിച്ചിരുന്നു.
സ്‌കൂള്‍ കാലം മുതല്‍ തന്നെ സിവില്‍ സര്‍വീസ് മോഹം എന്റെ മനസിലുണ്ടായിരുന്നു. എന്തു കരിയര്‍ എന്നതിന് ചെറുപ്പം മുതല്‍ സിവില്‍ സര്‍വീസല്ലാതെ എനിക്ക് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല. സയന്‍സിനോട് താല്‍പര്യമുണ്ടായിരുന്നതിനാല്‍ തിരുവനന്തപുരം ഐസറിലായിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തിരുന്നത്. അപ്പോള്‍ പഠിക്കാന്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ അക്കാലത്തൊന്നും സിവില്‍ സര്‍വീസിനായി പരിശീലിച്ചിരുന്നില്ല.
എന്നാല്‍ പരീക്ഷയ്ക്ക് ആവശ്യമായ പത്രവായനയും അനുബന്ധ വായനയും കൃത്യമായി നടത്തിയിരുന്നു. അതില്‍ ഒരിക്കലും മുടക്കം വരുത്തിയില്ല. പഠനം കഴിഞ്ഞതും സിവില്‍ സര്‍വീസ് കോച്ചിങ്ങിലേക്ക് തിരിയുകയായിരുന്നു
സയന്‍സ് പഠിക്കണമെന്നും അതിന് മികച്ച സ്ഥാപനത്തില്‍ പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു അതാണ് ഐസര്‍ തിരഞ്ഞെടുത്തത്. പഠിച്ച ഫീല്‍ഡിലേക്ക് പോയാല്‍ സാമ്പത്തികമായി ഉന്നമനം കിട്ടുന്ന നിരവധി ജോലി ലഭിക്കുമായിരിക്കാം. എന്നാല്‍ മാനസികമായി എനിക്ക് സംതൃപ്തി നല്‍കുന്നത് സാമൂഹിക സേവനം കൂടി മുന്നിട്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസാണെന്ന് ഫാബി ചൂണ്ടിക്കാട്ടുന്നു.
2022 ജൂണ്‍ മുതലാണ് സിവില്‍ സര്‍വീസ് പരീക്ഷക്കുവേണ്ടി കൃത്യമായി പരിശീലനം ആരംഭിച്ചത്. ഇത്തരമൊരു ആഗ്രഹം തുടങ്ങിയപ്പോള്‍ തന്നെ സിവില്‍ സര്‍വീസിനെ കുറിച്ച് വായിക്കുകയും അതിനായി പഠിക്കുകയും ചെയ്തിരുന്നു. കുത്തിയിരുന്നുള്ള പഠിത്തമായിരുന്നു എന്റേത്. ആദ്യകാലം മുതല്‍ തന്നെ ദിവസവും കുറഞ്ഞത് 10 മണിക്കൂര്‍ വീതമെങ്കിലും പഠിക്കാന്‍ ശ്രമിച്ചിരുന്നു അവസാന കാലത്ത് അതിലും കൂടുതല്‍ സമയമെടുത്തിരുന്നു.
എഴുതി പഠിക്കുന്ന സ്വാഭാവമാണ് ഫാബിക്ക്. വായിച്ച് പഠിക്കുന്നത് കുറവായിരുന്നു. പറ്റിയൊരു പഠന രീതി സ്വയം ആവിഷികരിക്കുകയായിരുന്നു. പ്രിലിംസിനും മെയിന്‍സിനും അഭിമുഖത്തിനും ഒരോ തരത്തിലായിരുന്നു പഠനം. പ്രിലിംസിന് പോയിന്റുകളായി പഠിച്ചു. മെയിന്‍സ് പരീക്ഷ എഴുതി തഴക്കം വരുത്തി പഠിക്കുകയായിരുന്നു.
കോണ്‍ഫിഡന്‍സോടെ എങ്ങനെ ഇന്റര്‍വ്യുവിനെ നേരിടാമെന്ന തരത്തിലായിരുന്നു അഭിമുഖ പരിശീലനം. നമ്മളെ ശാന്തമാക്കി ചോദ്യം ചോദിക്കുന്ന ടീമായിരുന്നു ഇന്റര്‍വ്യുവിനുണ്ടായിരുന്നത്. ഹോബിയെന്താണെന്നും നമ്മളെ കുറിച്ചും ചോദിച്ചിരുന്നു. ഒരുപാട് വസ്തുതരപരമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അറിയാത്ത ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന് തന്നെ ഉത്തരം പറഞ്ഞു. – ഇന്റര്‍വ്യൂവിനെക്കുറിച്ച് ഫാബി പറഞ്ഞു.
എല്ലാം കൊണ്ടും പിന്തുണ നല്‍കുന്ന കുടുബമാണ് ഫാബിയുടേത്. ആയുവേദ ഡോക്ടറായ എസ്എം റഷീദാണ് അച്ഛന്‍. അമ്മ ഡോ എം ബീനത്ത ഇഎസ്ഐ ഡയറക്ടറായിരുന്നു. എന്റെ ഒരുപാട് ആങ്‌സൈറ്റിയും ഇമോഷണല്‍ ട്രോമകളെയും അവര്‍ സ്നേഹപൂര്‍വം തഴുകി സമാധാനിപ്പിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് ഇതെല്ലാം നേടാന്‍ സാധിച്ചത്. അച്ഛനും അമ്മയ്ക്കും പുറമേ കുടുംബത്തിലെ എല്ലാവരും വളരെ പിന്തുണയായിരുന്നു.