തിരുവനന്തപുരം: മകൾ വീണ വിജയൻ്റെ മാസപ്പടി കേസിൽ നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിക്ക് മൗനം. പത്രസമ്മേളനങ്ങളിൽ മാസപ്പടി ചോദ്യത്തിന് തുടർച്ചയായി മൗനം പുലർത്തുകയാണ് മുഖ്യമന്ത്രി.
നിയമസഭയിൽ ഉന്നയിച്ച മാസപ്പടി ചോദ്യങ്ങൾക്ക് 79 ദിവസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല. സ്പീക്കർ ഷംസീറും ഇക്കാര്യത്തിൽ മൗനം പുലർത്തുകയാണ്.
ചെയ്യാത്ത സേവനങ്ങൾക്ക് മുഖ്യമന്ത്രിയും മകളും കമ്പനിയും സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതിൽ വിജിലൻസ് പരാതി ലഭിച്ചിട്ടുണ്ടോ, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മുഖ്യമന്ത്രിമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് സിഎംആർഎൽ കമ്പനി മകൾക്കും മകളുടെ കമ്പനിക്കും ചെയ്യാത്ത സേവനങ്ങൾക്ക് പണം നൽകിയത് എന്ന് കമ്പനി ഉദ്യോഗസ്ഥൻ മൊഴി നൽകിയത് ശ്രദ്ധയിൽപ്പെട്ടോ, അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്ന പ്രസ്തുത പരാതിയിൽ കേസ് എടുക്കാത്തതിൻ്റെ കാരണം തുടങ്ങിയ ചോദ്യങ്ങളാണ് എംഎല്‍എമാർ ചോദിച്ചിരിക്കുന്നത്.
അൻവർ സാദത്ത്, ഷാഫി പറമ്പിൽ, റോജി എം ജോൺ, മാത്യു കുഴൽനാടൻ, ഉമ തോമസ്, സണ്ണി ജോസഫ്, എം.വിൻസെൻ്റ്, കെ. ബാബു, കെ. കെ.രമ, ടി.സിദ്ദിഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ യു.ഡി.എഫ് എം.എൽ.എമാർ ഉന്നയിച്ചത്. ജനുവരി 29 നായിരുന്നു നിയമസഭ ചോദ്യം. ചട്ട പ്രകാരം നിയമസഭ ചോദ്യങ്ങൾക്കുള്ള മറുപടി ചോദ്യത്തിൻ്റെ തലേദിവസം നൽകണം എന്നാണ്.ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ നിയമസഭ മറുപടി പുറംലോകം കണ്ടില്ല.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ ഉള്‍പ്പെടെയുള്ളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി. കർത്തയെ ചോദ്യം ചെയ്തതിനു ശേഷമാകും വീണ വിജയനെ ചോദ്യം ചെയ്യുക. അതേസമയം കർത്ത ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല.