തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഭരണാനുകൂല സംഘടനാ ജീവനക്കാരുടെ കൂട്ടത്തല്ലിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. സി.പി.എം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ നേതാക്കൻമാർ തമ്മിലുള്ള കൂട്ടത്തല്ല് മലയാളം മീഡിയ.ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായതിൻ്റെ അരിശത്തിലാണ് മുഖ്യമന്ത്രി.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭരണസിരാകേന്ദ്രത്തില്‍ നടന്ന സംഘർഷത്തില്‍ നേതാക്കൻമാർക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി സംഘടനാ ചുമതലയുള്ള സിപിഎം നേതാക്കളോട് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസിഡണ്ട് പക്ഷവും ജനറൽ സെക്രട്ടറി പക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് സംഘർഷത്തിലേക്കും കൈയേറ്റത്തിലേക്കും എത്തിയത്. എപ്രില്‍ 12ന് രാവിലെയായിരുന്നു കൂട്ടത്തല്ല്. അന്നു തന്നെ ഇരുപക്ഷത്തേയും എ.കെ.ജി സെൻ്ററിൽ വിളിച്ചു വരുത്തി സിപിഎം നേതാക്കള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പിന്നാലെ ഇത് മാധ്യമങ്ങള്‍ വാർത്തയാക്കുകയും ചെയ്യുകയായിരുന്നു.
വർഷങ്ങളായി പ്രസിഡണ്ട് , ജനറൽ സെക്രട്ടറി കസേരയിൽ തുടരുന്ന രണ്ട് പേരെയും അടുത്ത മാസം നടക്കുന്ന വാർഷിക സമ്മേളനത്തിന് ശേഷം മാറ്റാനാണ് പാർട്ടിയുടെ ആലോചന. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരായ അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള ആളാണ് പ്രസിഡണ്ട് ഹണി. പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് ഇദ്ദേഹം. ധനവകുപ്പിലെ സെക്ഷൻ ഓഫിസറാണ് ജനറൽ സെക്രട്ടറി അശോക് കുമാർ. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് സംഘർഷത്തില്‍ കലാശിച്ചത്.
ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. വർഷങ്ങളായി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്ന ഹണി സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യം ഒരുവിഭാഗം. ഇതിനോട് ഹണി അനുകൂലികൾ യോജിച്ചില്ല. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ജനറൽ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയുടെ കരണം നോക്കി ഹണി അനുകൂലി അടി കൊടുത്തു എന്നാണ് അറിയുന്നത്.
സംഘടന ഹാളിൽ വച്ചായിരുന്നു സംഘർഷം തുടങ്ങിയത്. വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സി പി എം സർവീസ് സൊസൈറ്റി പ്രസിഡണ്ട് ഹാളിൽ എത്തിയപ്പോഴേക്കും സംഘർഷം രൂക്ഷമായി. തുടർന്ന് ഹാളിൽ നിന്ന് ഇരുപക്ഷത്തേയും ഇറക്കി വിടുകയായിരുന്നു. പിന്നീട് ഇവർ ചേരി തിരിഞ്ഞ് സെക്രട്ടറിയേറ്റ് വളപ്പിലെ വിവിധ ഭാഗങ്ങളിൽ തർക്കങ്ങളും ഉണ്ടായി.
പ്രതിപക്ഷ സർവീസ് സംഘടന അംഗങ്ങളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പിൽ ഇവരുടെ ചേരി തിരിഞ്ഞുള്ള വാഗ്വോദം ചർച്ചയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അടുത്ത മാസം ആണ് സംഘടനയുടെ വാർഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി പാർട്ടി ഗൗരവമായി എടുത്തിരിക്കുകയാണ്. സംഘടനയെ നയിക്കാൻ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളുകൾ വരട്ടെ എന്ന നിലപാട് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റേത് എന്നാണറിയുന്നത്.