
ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിൻ്റെ റൂഫിംഗിന് 2,98,863 രൂപ ചെലവായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.
42.50 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ് ഹൗസിൽ പുതിയ കാലി തൊഴുത്ത് നിർമ്മിച്ചത്. സുരേഷ് കുമാർ എന്നയാൾ ആയിരുന്നു കാലിതൊഴുത്ത് നിർമ്മാണ കോൺട്രാക്റ്റർ. കാലിതൊഴുത്തിന് പിന്നെന്തിനാണ് ഊരാളുങ്കൽ വക റൂഫിംഗ് എന്ന ചോദ്യമാണ് ഉയരുന്നത്.
ക്ലിഫ് ഹൗസിൽ കാലിതൊഴുത്ത് നിർമ്മിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന മറുപടിയാണ് മരുമകൻ കൂടിയായ മന്ത്രി റിയാസ് നിയമസഭയിൽ നൽകിയത്.മരാമത്ത് കെട്ടിട വിഭാഗം ഊരാലുങ്കൽ മുഖേന ക്ലിഫ് ഹൗസിൽ 82.15 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ചെയ്തത്.

ഷാർജ സുൽത്താൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൻ്റെ മുൻവശവും ഓഫിസ് റൂമും ഹാളും തിരക്കിട്ട് പെയിൻ്റ് ചെയ്തതും ഊരാളുങ്കൽ ആണെന്നും മുഹമ്മദ് റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനാണ് റിയാസിൻ്റെ മറുപടി. ഷാർജ സുൽത്താൻ്റെ വരവ് പ്രമാണിച്ച് 1,35, 656 രൂപയ്ക്കാണ് പെയിൻ്റ് ചെയ്തത്. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിൻ്റെ പരിപാലനം റിയാസിൻ്റെ മറ്റൊരു വകുപ്പായ ടൂറിസത്തിനാണ്. നീന്തൽക്കുളം പരിപാലിക്കാൻ ടൂറിസം വകുപ്പ് ചുമതലയേൽപിച്ചതും ഊരാലുങ്കലിനെയാണ്.
നീന്തൽകുളത്തിൻ്റെ നവീകരണവും വാർഷിക പരിപാലനവുമായി 50 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവായത്. 1.88 കോടിയുടെ വിവിധ നിർമ്മാണ പ്രവൃത്തികൾ ക്ലിഫ് ഹൗസിൽ മരാമത്ത് വകുപ്പ് മുഖേന ചെയ്തുവെന്ന് ഷാഫി പറമ്പിലിൻ്റെ ചോദ്യത്തിന് റിയാസ് മറുപടി നൽകിയിരുന്നു