CricketSports

ഒളിമ്പിക്സില്‍ ആറ് ടി20 ടീമുകള്‍; ക്രിക്കറ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ

2028 ൽ ലോസ് ഏഞ്ചൽസിൽ നടക്കാൻ പോകുന്ന ഒളിംപിക്സിൽ പുതിയതായി ഏർപ്പെടുത്തിയ കായിക ഇനങ്ങളിൽ ‘ടി20’ ക്രിക്കറ്റും ഇടംപിടിച്ചു.
പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേക ടൂർണ്ണമെന്റുകള്‍ നടത്തുമ്പോൾ ഇരു വിഭാഗത്തിലും ആറു ടീമുകൾക്ക് വീതം മൽസരിക്കാനാകും. ടീമുകളുടെ യോഗ്യത മാനദണ്ഡങ്ങൾ പ്രഖ്യപിച്ചിട്ടില്ല. ആതിഥേയ രാജ്യമെന്ന നിലയിൽ US ടീമിന് നേരിട്ട് പ്രവേശനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. 12 സ്ഥിരാംഗങ്ങളും 94 അസോസിയേറ്റ് മെമ്പർമാരും ഉൾപ്പെടുന്നതാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.

1900 -ലെ പാരീസ് ഗെയിംസിൽ ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുത്തിയതിന് 128 വർഷങ്ങൾക്കു ശേഷമാണ് ഒളിംപിംക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നത്.
“ലോകമെമ്പാടുമായി ഏകദേശം 2.5 ബില്യൺ ആരാധകരുള്ള ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രിയ കായിക ഇനത്തെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് ” ലോസ് ഏഞ്ചൽസ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഡയറക്ടർ നിക്കോളോ കാപ്രിയാനി പറഞ്ഞു.

ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് ഭരണസമിതി മുൻഗണന കൊടുക്കുന്നുണ്ടെന്ന് ഐസിസി ചെയർമാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കോമൺ‌വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും അടുത്തിടെ ക്രിക്കറ്റ് തിരിച്ചെത്തിയിരുന്നു. 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സില്‍ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനുള്ള എല്‍എ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നിർദ്ദേശം തിങ്കളാഴ്ച മുംബൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്ത അംഗീകരിച്ചു.

ക്രിക്കറ്റ് (പുരുഷ-വനിതാ ടി20), ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, സ്ക്വാഷ് എന്നീ അഞ്ച് പുതിയ കായിക ഇനങ്ങളെ ഒരു പാക്കേജായി LA LOCOG ശുപാർശ ചെയ്തു, ഇത് വാരാന്ത്യത്തിൽ IOC യുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിച്ചു. തിങ്കളാഴ്ച, അഞ്ച് കായിക ഇനങ്ങളെയും ഉൾപ്പെടുത്തുന്നതിന് അനുകൂലമായി IOC ഏകകണ്ഠമായി വോട്ട് ചെയ്തു, രണ്ട് അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. “നിർദ്ദേശം അംഗീകരിച്ചു,” മുംബൈയിൽ നടന്ന സെഷനിൽ IOC പ്രസിഡന്റ് തോമസ് ബാച്ച് പ്രഖ്യാപിച്ചു.