
തിരുവനന്തപുരം: കേരളം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കടുത്ത ചൂടിനെ നേരിടുകയാണ്. ഈ ചൂട് അടുത്തമാസം പകുതിവരെ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരുന്ന മൂന്ന് ദിവസം കൂടി കടുത്ത ചൂട് തന്നെയായിരിക്കും. മെയ് പകുതിയോടെ മാത്രമേ കേരളത്തില്‍ വേനല്‍ മഴ സജീവമാകുകയുള്ളൂവെന്നാണ് നിരീക്ഷണം. അതുവരെ താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇന്നും ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെ ബാക്കിയിടത്തൊക്കെ കടുത്ത ചൂട് തന്നെ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശരാശരി 38 ഡിഗ്രിയായിരിക്കും ജില്ലകളിലെ താപനില.
കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ കൂടുതല്‍ ജില്ലകളിലേക്ക് ചൂട് വ്യാപിച്ചിട്ടുണ്ട്. പാലക്കാട്ടും പുനലൂരും ചൂട് 42 ഡിഗ്രിവരെ വര്‍ദ്ധിച്ചേക്കാം. ഇതുവരെ വേനല്‍മഴ ലഭിക്കാത്ത ജില്ലകളായ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈമാസം അവസാനത്തോടെ മഴയുണ്ടായേക്കുമെന്നും വിലയിരുത്തുന്നുണ്ട്. അടുത്ത നാല് ദിവസം മദ്ധ്യ, തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിക്കും. തിരുവനന്തപുരം,കോട്ടയം ജില്ലകളിലാകും കൂടുതല്‍ ലഭിക്കുക.
ഉയര്‍ന്ന താപനിലയുള്ള പാലക്കാട് (40 ഡിഗ്രി), കൊല്ലം (40), തൃശ്ശൂര്‍ (39), പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ (38) ജില്ലകളില്‍ 14 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്ട് ചൂട് 45.4 ഡിഗ്രി
പാലക്കാട്ടെ കാഞ്ഞിരപ്പുഴയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 45.4 ഡിഗ്രി. സംസ്ഥാനത്ത് ഏറ്റവുമധികം ഉയര്‍ന്ന താപനിലയാണിത്. രണ്ടുദിവസം മുമ്പ് എരുമയൂരില്‍ 44.7 ഡിഗ്രിയായിരുന്നു. മങ്കരയില്‍ 43.3 ഡിഗ്രി, മലമ്പുഴ ഡാമില്‍ 42.1 ഡിഗ്രിയുമായിരുന്നു. ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയതാണിത്.
എന്നാല്‍, ഓട്ടോമേറ്റഡ് സ്റ്റേഷനുകളിലെ റീഡിംഗ് കാലാവസ്ഥ കേന്ദ്രം ഉപയോഗിക്കാറില്ല. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ പത്ത് വര്‍ഷത്തെയെങ്കിലും മഴ,താപനില എന്നിവയുടെ കണക്ക് ഇവയില്‍ അളന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 40.2 ഡിഗ്രിയാണ്. അപ്പപ്പോഴുള്ള കാലാവസ്ഥ മാറ്റം നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനുമാണ് ഓട്ടോമേറ്റഡ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.