എം. സ്വരാജിന് തിരിച്ചടി; കെ. ബാബുവിനെതിരായ ഹര്‍ജി തള്ളി

K Babu and M Swaraj

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ. ബാബുവിന് എംഎല്‍എ ആയി തുടരാം. 2021 ജൂണിലായിരുന്നു ഹർജിയുമായി സ്വരാജ് കോടതിയെ സമീപിച്ചത്.

മൂന്നുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്. ആരോപണങ്ങളൊന്നും തെളിയിക്കാൻ ഹർജിക്കാരനായ സ്വരാജിന് ആയില്ല.

കെ. ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്തെന്നും ആരോപിച്ചിരുന്നു. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് നേടിയതായി തെളിയിക്കാൻ സ്വരാജിന് ആയിട്ടില്ലെന്നുകണ്ടാണ് കോടതി ഹർജി തള്ളിയത്.

എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ ബാബു തിരഞ്ഞെടുക്കപ്പെട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments