ഗസ്സ: ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് വടക്കു പടിഞ്ഞാറുള്ള അല്‍ ഷാതി അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്.
തന്റെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായില്‍ ഹനിയ്യ അല്‍ ജസീറ ചാനലിനോട് സ്ഥിരീകരിച്ചു. മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നാണ് പ്രതികരണം. പെരുന്നാള്‍ ദിനത്തില്‍ വടക്കന്‍ ഗസ്സയിലെ കാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം.
ഹമാസ് തലവന്റെ കുടുംബത്തെ തന്നെ അപ്പാടെ നശിപ്പിക്കുന്ന ഈസ്രയേല്‍ വ്യോമാക്രമണം പ്രദേശത്തെ സമധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്റെ മക്കളുടെ രക്തം എന്റെ ജനങ്ങളുടെ രക്തത്തേക്കാള്‍ വലുതല്ലെന്നും കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഭീഷണിപ്പെടുത്താനാണ് അധിനിവേഷ ശക്തി ശ്രമിക്കുന്നതെന്നുമാണ് ഹനിയ്യ അല്‍ ജസീറയോട് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയിയുണ്ടാകില്ലെന്നാണ് ഹമാസ് അനുകൂലികള്‍ വിശദീകരിക്കുന്നത്. ഇസ്രയേല്‍ ബന്ദികളുടെ മോചനവും ഇതോടെ അനന്തമായി നീളും.
തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹനിയെ പറഞ്ഞു. ഖത്തറിന്റെയും ഈജിപ്തിന്റെയും യു.എസിന്റെയും മധ്യസ്ഥതയില്‍ കയ്റോയില്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ നീങ്ങുമ്പോഴാണ് ഈ വാര്‍ത്തയെത്തുന്നത്.
ചെറിയപെരുന്നാള്‍ ദിനമായ ബുധനാഴ്ചയും ഗാസയിലെ പലയിടത്തും ഇസ്രയേല്‍ ബോംബിട്ടു. മധ്യഗാസയിലെ നുസൈറത് അഭയാര്‍ഥിക്യാമ്പിലെ വ്യോമാക്രമണത്തില്‍ കൊച്ചുകുട്ടികളുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെയും പട്ടിണിയുടെയും ഇടയില്‍നിന്നുകൊണ്ട് ഗാസക്കാര്‍ ഈദ് പ്രാര്‍ഥന നടത്തി. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലും പ്രാര്‍ഥനയ്ക്കായി ആയിരങ്ങളെത്തി.
നെതന്യാഹുവിനെതിരെ ജോ ബൈഡന്‍
ഗാസയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യംചെയ്യുന്നത് തെറ്റായരീതിയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമമായ യൂണിവിഷനു നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.
വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കണം, ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ ഗാസയെ സഹായംകൊണ്ട് നിറയ്ക്കണം, സഹായം വിതരണംചെയ്യാന്‍ പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളെ അനുവദിക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അത് ഇപ്പോള്‍ത്തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സഖ്യകക്ഷിയെന്നനിലയില്‍ ഗാസായുദ്ധത്തില്‍ ഇസ്രയേലിനെ നിര്‍ബാധം പിന്തുണച്ച യു.എസ്. അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് സ്വരംമാറ്റിയത്. ഈദ് സന്ദേശത്തിലും ബൈഡന്‍ ഗാസയെ അനുസ്മരിച്ചു. ഗാസയും സുഡാനും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷവും വിശപ്പും അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതരായവര്‍ക്കുമൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.