ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവിന്റെയും മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയുടെയും നിരുപാധിക മാപ്പ് സുപ്രീം കോടതി വീണ്ടും തള്ളി.
പതഞ്ജലിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച്, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുപ്രീം കോടതി ഉത്തരവുകളുടെ ബോധപൂര്‍വവും ആവര്‍ത്തിച്ചുള്ളതുമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ അന്ധരല്ല എന്നും ഈ കേസില്‍ നിങ്ങളോട് കാരുണ്യം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കിയ കോടതി വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടിയില്‍ തൃപ്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാംദേവും ബാലകൃഷ്ണയും കോടതിയില്‍ ക്ഷമാപണം നടത്തുന്നതിന് മുമ്പ് ആദ്യം അത് മാധ്യമങ്ങള്‍ക്കാണ് അയച്ചത്. അതായത് അവര്‍ക്ക് നിയമത്തേക്കാള്‍ പബ്ലിസിറ്റിക്കാണ് പ്രാധാന്യമെന്ന് കോടതി നിരീക്ഷിച്ചു. രാംദേവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്.
അതേസമയം, പതഞ്ജലിക്കെതിരെ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെറ്റായ അവകാശവാദങ്ങള്‍ നല്‍കി പരസ്യങ്ങള്‍ നല്‍കരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഉത്തരവാദിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ അനുവദിക്കില്ലെന്നായിരുന്നു കോടതി നിലപാട്.
കോവിഡ് കാലത്ത് പ്രതിരോധ മരുന്നെന്ന രീതിയില്‍ കൊറോണില്‍ പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുമ്പാണെന്നും കേന്ദ്രം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, സത്യവാങ്മൂലം സുപ്രീംകോടതി തള്ളിയത്. തുടര്‍ന്ന് വീണ്ടും മറുപടികള്‍ സമര്‍പ്പിക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി.