തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും ഔദാര്യം മാത്രമാണെന്നും പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. (welfare pension is not statutory or gratuity pension says Pinarayi Government at Highcourt)
ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നും ഇന്ധനത്തില്‍ നിന്നും സെസ് പിരിക്കുന്നുണ്ടെന്നും പക്ഷേ, കൃത്യമായി ക്ഷേമ പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിചിത്ര നിലപാട്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. എ.എ. ഷിബിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന്റെ മറുപടിയിലാണ് ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.500 മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ് നല്‍കണം. ഒരു ലിറ്റര്‍ പെട്രോള്‍/ ഡീസല്‍ എന്നിവയില്‍ നിന്ന് 2 രൂപയും സെസ് നല്‍കണം. ക്ഷേമ പെന്‍ഷന്‍ നല്‍കാനാണ് ഈ സെസ് പിരിവ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സെസ് കൃത്യമായി ഖജനാവില്‍ എത്തുകയും ക്ഷേമ പെന്‍ഷന്‍ 7 മാസം കുടിശികയും ആയതോടെയാണ് പൊതുതാല്‍പര്യ ഹര്‍ജി അഡ്വ. ഷിബി ഫയല്‍ ചെയ്തത് .തെരഞ്ഞെടുപ്പ് എത്തിയതോടെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കൂടി സര്‍ക്കാര്‍ കൊടുത്തു. ഇതോടെ 2023 സെപ്റ്റംബര്‍ മാസം വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്തിരിക്കുന്നത്.
2 മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസത്തെ കുടിശികയും അതോടെ ലഭിക്കും.2023 ഡിസംബര്‍, 2024 ജനുവരി, ഫെബുവരി, മാര്‍ച്ച് എന്നീ നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇപ്പോഴും കുടിശികയാണ്.
6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും 4 മാസത്തെ കുടിശികയായി ലഭിക്കേണ്ടതാണ്. ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 30 ആകുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക 5 മാസം ആകും.അതായത് 8000 രൂപ പെന്‍ഷനായി ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ടതാണ്.അഞ്ച് മാസത്തെ കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന അരലക്ഷത്തിന് മുകളിലുള്ള ക്ഷേമ പെന്‍ഷന്‍കാര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഞെട്ടിയിരിക്കുകയാണ്.
ക്ഷേമ പെന്‍ഷന്‍ പിന്‍വലിക്കുമോ, കുടിശിക അനന്തമായി നീളുമോ എന്നൊക്കെയുള്ള ആശങ്കയിലാണ് ഇവര്‍. ക്ഷേമപെന്‍ഷന്‍ അവകാശമല്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവരാനാണ് പ്രതിപക്ഷ നീക്കം. തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന നിലപാട് സര്‍ക്കാരിന് തിരിച്ചടിയായേക്കും.