തിരുവനന്തപുരം: കരകയറാന്‍ വഴിതേടുമ്പോള്‍ വെള്ളത്തിലേക്ക് വീഴുന്ന പ്രത്യേകതരം സ്ഥാപനമാണ് കേരളത്തിലെ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സാങ്കേതികപ്പിഴവ് കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് ഉള്‍പ്പെടെ നടത്തിയിട്ടും ദിവസം 1000 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. ഇതുകൂടാതെ ഓരോദിവസവും 300-350 ബസുകള്‍ ഓടിക്കാതെ കിടക്കുന്നതും വെല്ലുവിളിയാണ്. 5200 ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. ഇതില്‍ അഞ്ചിലൊന്നും കട്ടപ്പുറത്താണ്.
കേടാകുന്ന ബസുകളുടെ എണ്ണം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികളൊന്നും വിജയിക്കുന്നില്ലെന്നതാണ് വെല്ലുവിളി. ബിജു പ്രഭാകര്‍ സി.എം.ഡി. ആയായിരുന്നപ്പോള്‍ പരമാവധി ബസുകള്‍ നിരത്തിലിറക്കാന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന് പ്രത്യേക ചുമതല നല്‍കി ജോയന്റ് എം.ഡിയായി നിയമിച്ചിരുന്നു. വര്‍ക്ക്ഷോപ്പുകളുടെ നവീകരണത്തിനും പദ്ധതി നടപ്പാക്കി. ഇതോടെ ദിവസേന 800 ബസുകള്‍ വര്‍ക്ക്ഷോപ്പുകളിലുണ്ടായിരുന്നത് 400 ആയി കുറയ്ക്കാനായി. എന്നാല്‍ ഈ സംവിധാനം തുടരാനായില്ല.
ജില്ലാതലത്തില്‍ വര്‍ക്ക്ഷോപ്പുകളുടെ ഏകീകരണം ഒഴിവാക്കി ഡിപ്പോകളിലേക്ക് മാറ്റിയതോടെയാണ് കട്ടപ്പുറത്തെ ബസുകളുടെ എണ്ണം കുതിച്ചുയര്‍ന്നത്. യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ദിവസേന ശരാശരി 18 ലക്ഷം യാത്രക്കാരാണ് ഉണ്ടാകാറ്. ചിലദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 14 ലക്ഷത്തില്‍ താഴെയാണ്.
പരിപാലനത്തിലെ വീഴ്ചയാണ് കേടാകുന്ന ബസുകളുടെ എണ്ണം കൂട്ടുന്നത്. ആറുമാസത്തിലൊരിക്കല്‍ ബസുകള്‍ പൂര്‍ണമായും പരിശോധിച്ച് കാര്യക്ഷമമാക്കുന്ന ജില്ലാതല വര്‍ക്ക്ഷോപ്പ് സംവിധാനമാണ് തമിഴ്നാട്, കര്‍ണാടക കോര്‍പ്പറേഷനുകള്‍ പിന്തുടരുന്നത്.
പ്രൊഫ. സുശീല്‍ഖന്നയുടെ ശുപാര്‍ശപ്രകാരം ഇതേരീതി കെ.എസ്.ആര്‍.ടി.സി.യും അവലംബിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താതെ കഴിഞ്ഞമാസം പിന്‍വലിച്ചു. സ്‌പെയര്‍പാര്‍ട്സുകളുടെ വിതരണത്തിലുണ്ടായ മാറ്റവും വിനയായി.
വരുമാനത്തിന്റെ പകുതിയും ഡീസലിന് വേണ്ടിയാണ് ചെലവിടുന്നത്. സാങ്കേതിക പോരായ്മ കാരണം ഇന്ധനക്ഷമത കുറയുന്നത് ഡീസല്‍ ചെലവും കൂട്ടുന്നു. ഇതുകാരണം ബസുകളുടെ എണ്ണംകുറച്ച് നഷ്ടം ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കിലോമീറ്ററിന് 28 രൂപ വരുമാനമില്ലാത്ത ട്രിപ്പുകള്‍ വെട്ടിക്കുറച്ചതിലൂടെ ദിവസം 14 ലക്ഷം രൂപയുടെ ലാഭമുണ്ടായതായി കെ.എസ്.ആര്‍.ടി.സി. അവകാശപ്പെട്ടിരുന്നു.