കെജരിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി

arvind kejriwal

ഇ.ഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി പറ‍ഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല.

തെരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കേജ്‌രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കേജ്‌രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലാണെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചായിരുന്നു കേജ്‍രിവാളിന്റെ ഹർജി. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കേജ്‍രിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

മാർച്ച് 21നാണ് ഇ.ഡി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ‍ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്റ്റഡിയിലിരിക്കെ കേജ്‍രിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്ടിച്ചിരുന്നു. കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആർഎസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments