കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നോവൽ എഴുതുന്നു. ഒരു വർഷത്തിനുള്ളിൽ നോവൽ പൂർത്തിയാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
മനോരമ ന്യൂസിനോടാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. പ്രമേയം വെളിപ്പെടുത്താനാവില്ലെന്നും രാഷ്ട്രിയ പ്രമേയം ആയിരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മലയാളത്തിൽ ഇറങ്ങുന്ന എല്ലാ നോവലുകളും വായിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഒരേ സമയം രണ്ട് പുസ്തകങ്ങൾ വായിക്കുമെന്ന് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. സ്വന്തമായി പുസ്തക പ്രസിദ്ധികരണ ശാലയും ചെന്നിത്തലയ്ക്കുണ്ട്. ശ്രേഷ്ഠ എന്ന പേരിലറിയപ്പെടുന്ന ചെന്നിത്തലയുടെ പുസ്തക പ്രസിദ്ധീകരണശാലയുടെ ചുമതല മൂത്ത മകനാണ്.
കെ.പി.സി.സി പ്രചരണ സമിതി ചെയർമാനായ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയും ഉണ്ട്. ഈ തിരക്കുകൾക്കിടയിലും പുസ്തക വായന ചെന്നിത്തല മുടക്കാറില്ല. അതിനിടയിലാണ് നോവൽ എഴുത്തും. ചെന്നിത്തലയുടെ നോവലിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ-സാഹിത്യ ലോകം.