രണ്ടര വർഷം മാത്രം ജോലി, ആജീവനാന്തം പെൻഷൻ; ലക്ഷങ്ങൾ പോക്കറ്റിലാക്കി ആൻ്റണി രാജുവിൻ്റെയും അഹമ്മദ് ദേവർകോവിലിന്റെയും പേഴ്സണൽ സ്റ്റാഫുകൾ

Antony Raju and Ahammad devarkovil

PSC പരീക്ഷ എഴുതി ജോലിയിൽ കയറുന്നവർക്ക് കിട്ടുന്നത് തുച്ഛമായ പങ്കാളിത്ത പെൻഷൻ

തിരുവനന്തപുരം: മുൻ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിൻ്റേയും ആൻ്റണി രാജുവിൻ്റേയും പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ച് തുടങ്ങി. അഹമ്മദ് ദേവർ കോവിലിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷൈഖ് അഹമ്മദ് ഹനീഫയ്ക്കും ആൻ്റണി രാജുവിൻ്റെ അഡീഷണൽ പി.എ ആയിരുന്ന സുഹൈബിനുമാണ് മുഖ്യമന്ത്രി പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചത്.

മറ്റ് പേഴ്സണൽ സ്റ്റാഫുകൾക്കും ഉടൻ പെൻഷനും ആനുല്യങ്ങളും അനുവദിക്കും. രണ്ടര വർഷമാണ് ഇരുവരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. നേരത്തെയുള്ള ധാരണ പ്രകാരം രണ്ടര വർഷം കഴിഞ്ഞ് അഹമ്മദ് ദേവർ കോവിലും ആൻ്റണി രാജുവും രാജി വച്ചിരുന്നു. അവര രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫിന്റെയും ഔദ്യോഗിക ജീവിതം തീർന്നു.

രണ്ടര വർഷം പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തതിന് 5581 രൂപ ആജീവനാന്തം ഓരോ മാസവും പെൻഷനായി ഷൈഖ് അഹമ്മദ് ഹനീഫയ്ക്ക് കിട്ടും. പെൻഷനോടൊപ്പം ഡി.എ യും ലഭിക്കും. ഗ്രാറ്റുവിറ്റിയായി 1,81,044 രൂപയും പെൻഷൻ കമ്യൂട്ടേഷനായി 2,97,303 രൂപയും ഹനീഫയ്ക്ക് പെൻഷനു പുറമേ ആനുകൂല്യമായി ലഭിച്ചു. ആനുകൂല്യം മാത്രം 4,78,347 രൂപ .

ആൻ്റണി രാജുവിൻ്റെ അഡീഷനൽ പി.എ ആയി രണ്ടര വർഷം ജോലി ചെയ്ത സുഹൈബിന് 3350 രൂപയാണ് പെൻഷൻ. അധികമായി അതതു കാലത്തെ ഡി.എയും ലഭിക്കും. ഗ്രാറ്റുവിറ്റിയായി 84, 423 രൂപയും പെൻഷൻ കമ്യൂട്ടേഷനായി 1,78,488 രൂപയും സുഹൈബിന് ലഭിച്ചു. ആനുകൂല്യങ്ങൾ മാത്രം 2,62,911 രൂപ .

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍

ഇവരെ കൂടാതെ ആൻ്റണി രാജുവിൻ്റേയും അഹമ്മദ് ദേവർ കോവിലിൻ്റേയും ബാക്കി പേഴ്സണൽ സ്റ്റാഫുകൾക്ക് ( ഓരോരുത്തർക്കും 25 വീതം) പെൻഷനും ആനുകൂല്യങ്ങളും കൊടുക്കാൻ ഇനിയും ലക്ഷങ്ങൾ കണ്ടെത്തണം. 4 വർഷമെങ്കിലും സർവീസ് ഉള്ളവർക്ക് മാത്രമേ പേഴ്സണൽ സ്റ്റാഫ് പെൻഷനും ആനുകൂല്യങ്ങളും നൽകാവൂ എന്നായിരുന്നു പേ കമ്മീഷൻ ശുപാർശ. ഇത് തള്ളി കളഞ്ഞ് 2 വർഷം സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കാനായിരുന്നു പിണറായിയുടെ തീരുമാനം.

പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നത് 2000 പേരാണ്. 9 കോടി രൂപയാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാൻ ഓരോ വർഷവും ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. ആൻ്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം വന്ന ഗണേഷ് കുമാറിൻ്റേയും കടന്നപ്പള്ളി രാമചന്ദ്രൻ്റെയും പേഴ്സണൽ സ്റ്റാഫുകൾക്കും പിണറായിയുടെ രണ്ട് വർഷത്തെ കടാക്ഷത്താൽ പെൻഷൻ ലഭിക്കും. മന്ത്രിസഭ പുനഃസംഘടന ഉണ്ടായാലും പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പിക്കാനാണ് പേ കമ്മീഷൻ്റെ 4 വർഷ ശുപാർശ പിണറായി തള്ളി കളഞ്ഞത്. പി.എസ്.സി പരീക്ഷ എഴുതി ജോലി കയറുന്നവർക്ക് കിട്ടുന്നത് തുച്ഛമായ പങ്കാളിത്ത പെൻഷൻ മാത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments