KeralaNews

സൂപ്പര്‍ഫാസ്റ്റില്‍ സീറ്റൊഴിവുണ്ടെങ്കില്‍ എവിടെയും നിര്‍ത്തി ആളെകയറ്റണം; KSRTC ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഡി

ഒഴിഞ്ഞ സീറ്റുകളുമായി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഓടാതിരിക്കാന്‍ നിര്‍ദ്ദേശവുമായി അധികൃതര്‍. സീറ്റ് ഒഴിവുണ്ടെങ്കില്‍ സ്‌റ്റോപ്പില്ലെങ്കിലും ഏത് സമയത്തായാലും ബസ് നിര്‍ത്താനാണ് തീരുമാനം. മുമ്പ് പ്രധാന സ്റ്റോപ്പുകളില്‍ മാത്രമായിരുന്നു സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിര്‍ത്തിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.

ഗാതഗത നിയമങ്ങള്‍ പാലിച്ചും വാഹനതടസ്സം സൃഷ്ടിക്കാതെയും വേണം സ്‌റ്റോപ്പില്ലാത്തിടത്ത് ബസുകള്‍ നിര്‍ത്തേണ്ടതെന്നും പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. യാത്രക്കാര്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. അന്നദാതാവാണ് വഴിയില്‍ കൈകാണിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ജീവനക്കാരോട് സിഎംഡി പ്രമോദ് ശങ്കര്‍ ഓര്‍മ്മിപ്പിച്ചു. സ്ത്രീയാത്രികര്‍ക്ക് രാത്രി ബസുകളില്‍ നല്‍കുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കും.

സ്റ്റേഷനുകളില്‍നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോള്‍ യാത്രക്കാരന്‍ കൈകാണിച്ചാല്‍ ബസ് നിര്‍ത്തിക്കൊടുക്കണം. ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാന്‍ നിലവിലുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കും. ഇപ്പോള്‍ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകള്‍ ഒഴികെയുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി തുടങ്ങുംമുമ്പ് പരിശോധന നടത്തും.

ദീര്‍ഘദൂര ബസുകള്‍ യാത്രാവേളയില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക മുന്‍കൂര്‍ പ്രസിദ്ധീകരിക്കും. വൃത്തിയുള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉള്ളതുമായ ഹോട്ടലുകളില്‍മാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *