NationalNews

ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി പ്ലസ് ടു പാഠപുസ്തകം

ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടിയുടെ പ്ലസ് ടു പാഠപുസ്തകം. ഒഴിവാക്കിയ പാഠ്യ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി.12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ഉപേക്ഷിച്ചത്.

ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പാഠപുസ്തകത്തിലാണ് മാറ്റങ്ങള്‍. ഈ മാറ്റങ്ങള്‍ വ്യാഴാഴ്ച ബോഡി അതിന്റെ വെബ്സൈറ്റില്‍ പരസ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ 30,000ത്തിലേറെ സ്‌കൂളുകളിലാണ് എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്.

പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങളില്‍ നിന്നാണ്, ‘അയോധ്യ തകര്‍ക്കല്‍’ എന്ന പരാമര്‍ശം ഒഴിവാക്കി പകരം ‘രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പൈതൃകം എന്താണ്?’ എന്നാക്കി മാറ്റിയിരിക്കുന്നത്. അതേ അധ്യായത്തില്‍ ബാബറി മസ്ജിദിനെ കുറിച്ചുള്ള പരാമര്‍ശവും ഹിന്ദുത്വ രാഷ്ട്രീയവും ഒഴിവാക്കിയിട്ടുണ്ട്.

”നാലാമത്, 1992 ഡിസംബറില്‍ അയോധ്യയിലെ തര്‍ക്കമുള്ള കെട്ടിടം (ബാബറി മസ്ജിദ് എന്നറിയപ്പെടുന്നു) തകര്‍ക്കുന്നതില്‍ നിരവധി സംഭവങ്ങള്‍ കലാശിച്ചു. ഈ സംഭവം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ വിവിധ മാറ്റങ്ങളെ പ്രതീകപ്പെടുത്തുകയും പ്രേരിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ ദേശീയതയുടെയും മതേതരത്വത്തിന്റെയും സ്വഭാവം. ഈ സംഭവവികാസങ്ങള്‍ ബിജെപിയുടെ ഉയര്‍ച്ചയുമായും ‘ഹിന്ദുത്വ’ രാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

എന്നാല്‍, ഇപ്പോള്‍ ഇത് മാറ്റി ‘നാലാമത്, അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെച്ചൊല്ലിയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തര്‍ക്കം വിവിധ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ജന്മം നല്‍കിയ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ തുടങ്ങി. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം, കേന്ദ്ര വിഷയമായി, മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള പ്രഭാഷണത്തിന്റെ ദിശയെ മാറ്റിമറിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ (ഇത് 2019 നവംബര്‍ 9-ന് പ്രഖ്യാപിച്ചത്) തീരുമാനത്തെത്തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ഈ മാറ്റങ്ങള്‍ കലാശിച്ചു.

രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ മാറ്റത്തിനനുസരിച്ച് ഉള്ളടക്കം അപ്ഡേറ്റ് ചെയ്തതായി എന്‍സിഇആര്‍ടിയുടെ ന്യായീകരണം.

അഞ്ചാം അധ്യായത്തില്‍, ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ഡെമോക്രാറ്റിക് റൈറ്റ്‌സ്, ഒരു ന്യൂസ് കൊളാഷിന്റെ അടിക്കുറിപ്പില്‍ ഒഴിവാക്കി. മുമ്പത്തെ പതിപ്പ് ഇതായിരുന്നു – ”ഈ പേജിലെ വാര്‍ത്താ കൊളാഷില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ പരാമര്‍ശങ്ങള്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യമഹത്വത്തിനായുള്ള പോരാട്ടങ്ങളെക്കുറിച്ചും വളരുന്ന അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. വിവിധ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി കേസുകള്‍, ഉദാഹരണത്തിന്, ഗുജറാത്ത് കലാപം, ഇന്ത്യയിലുടനീളം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നു.

ഇതിനെ മാറ്റി ‘വിവിധ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി കേസുകള്‍ ഇന്ത്യയിലുടനീളം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നു’ എന്നാക്കി. ”വാര്‍ത്ത കൊളാഷും ഉള്ളടക്കവും സൂചിപ്പിക്കുന്നത് 20 വര്‍ഷം പഴക്കമുള്ളതും ജുഡീഷ്യല്‍ പ്രക്രിയയിലൂടെ പരിഹരിക്കപ്പെട്ടതുമായ ഒരു സംഭവത്തെയാണ്,” ചഇഋഞഠ നല്‍കിയ യുക്തിയില്‍ പറയുന്നു.

മുസ്ലീം സമുദായത്തെ പരാമര്‍ശിച്ച ചില സ്ഥലങ്ങളും മാറ്റിയിട്ടുണ്ട്.

അണ്ടര്‍സ്റ്റാന്‍ഡിംഗ് മാര്‍ജിനലൈസേഷന്‍ എന്ന അഞ്ചാം അധ്യായത്തില്‍, വികസനത്തിന്റെ നേട്ടങ്ങള്‍ മുസ്ലിംകള്‍ ‘നഷ്ടപ്പെട്ടു’ എന്ന പരാമര്‍ശം ഒഴിവാക്കിയിട്ടുണ്ട്. ‘2011 ലെ സെന്‍സസ് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% മുസ്ലീങ്ങള്‍ ആണ്, അവര്‍ ഇന്ന് ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി കണക്കാക്കപ്പെടുന്നു, കാരണം മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വര്‍ഷങ്ങളായി അവര്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നഷ്ടപ്പെട്ടു. എന്നായിരുന്നതിനെ മാറ്റി ‘2011-ലെ സെന്‍സസ് പ്രകാരം, മുസ്ലീങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% ആണ്, അവര്‍ക്ക് സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ താരതമ്യേന താഴ്ന്ന നിലയുള്ളതിനാല്‍ അവരെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായി കണക്കാക്കുന്നു.’ ഇങ്ങനെ പോകുന്നു മാറ്റങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *