തിരുവനന്തപുരം : മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചത്. മസാലബോണ്ട് കേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോസ്മെന്റ് ഡയറക്ട്രേറ്റ് . മസാല ബോണ്ടിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടതായും ഇഡി കോടതിയെ അറിയിച്ചു.
ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സംബന്ധിച്ചും കോടതി നിർദ്ദേശങ്ങൾ നൽകി. ഏതെങ്കിലും ദിവസം ഹാജരാകാൻ സാധിക്കുമോയെന്നും ഒളിച്ചുവയ്‌ക്കാനായി ഒന്നുമില്ലല്ലോയെന്നും കോടതി ഐസകിനോട് ചോദിച്ചു. തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നൽകണമെന്നും കോടതിയെ ബോധിപ്പിക്കണമെന്നും ഇഡിയ്‌ക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് നടപടി.
മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓഡിറ്റർ ,ആർബിഐ ,ആക്സിസ് ബാങ്ക് എന്നിവർ സൂക്ഷ്മമായി പരിശോധിച്ചുവെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹർജികൾ ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെയുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി അറിയിച്ചു.