വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ചുക്കിനും ചുണ്ടാമ്പിനും കൊള്ളാത്ത അളെന്ന് ആൻ്റോ ആന്റണി പറഞ്ഞത് ശരിതന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍
തിരുവനന്തപുരം: വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങള്‍ക്ക് ഭാരമാകുന്നു. വന്യമൃഗങ്ങള്‍ മനുഷ്യനെ വീട്ടില്‍ വരെ കയറി ആക്രമിച്ച് കൊല്ലുമ്പോഴും ചെറുവിരല്‍ പോലും അനക്കാതെ വനം വകുപ്പില്‍ ഉറക്കം തൂങ്ങിയിരുന്ന് ഭരിക്കുകയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. 2023-24 ലെ വനം വകുപ്പിന്റെ പദ്ധതി ചെലവ് 38 ശതമാനം മാത്രമാണ്. വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ ബജറ്റില്‍ വകയിരുത്തിയ 30.85 കോടിയില്‍ ചെലവഴിച്ചത് 19.43 കോടി മാത്രമാണെന്ന് പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2016 മുതല്‍ 2023 വരെ 909 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ വീടിന് സമീപമുള്ള പുരയിടത്തിലെ കൃഷി നശിപ്പിച്ച കാട്ടാനയെ ഓടിക്കാന്‍ ശ്രമിച്ച ബിജു എന്ന കര്‍ഷകനെ ആന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നത്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ക്കായി 23-24 ലെ ബജറ്റില്‍ 30.85 കോടിയാണ് വകയിരുത്തിയിരുന്നത്. വന്യജീവി സങ്കേതങ്ങള്‍ മെച്ചപ്പെടുത്തുക, നിര്‍മ്മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നവീകരിക്കുക, ദ്രുതകര്‍മ്മ സേനകള്‍ ശക്തിപ്പെടുത്തുക, പൊതുജനപങ്കാളിത്തം ഉറപ്പ് വരുത്തുക, മൃഗങ്ങളുടെ വരവിനെ/ആക്രമണത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുക, പൊതുജന സഹായത്തോട് കൂടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതി, ഭൂവിനിയോഗത്തെ സംബന്ധിച്ചും അനുയോജ്യമായ കൃഷിരീതികളെ സംബന്ധിച്ചും അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, വനത്തിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് സ്റ്റേറ്റ് പ്ലാനില്‍ 30.85 കോടി വകയിരുത്തിയത്.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള പ്രധാനപ്പെട്ട ടൂള്‍ ആണ് പദ്ധതി ചെലവ്. വന്യമൃഗങ്ങള്‍ മനുഷ്യനെ ഓടിച്ചിട്ട് കൊല്ലുമ്പോള്‍ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വകയിരുത്തിയ തുകയില്‍ 11.42 കോടിയാണ് എ.കെ ശശീന്ദ്രന്‍ പാഴാക്കിയത്. എ.കെ. ശശീന്ദ്രന്‍ മന്ത്രിസഭയ്ക്ക് മാത്രമല്ല ജനങ്ങള്‍ക്ക് തന്നെ ഭാരമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തന്നെ തെളിയിക്കുന്നത്.