ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്‌ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയില്‍ ഹാജരായത്. കോടതിയെ അവഹേളിക്കുന്ന ഭാഷയാണ് ബാബ രാംദേവ് കോടതിയില്‍ ഉപയോഗിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ശകാരിക്കുകയും ചെയ്തു.
അതേസമയം, മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യമാണെന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നുവെന്നായിരുന്നു പതഞ്ജലി ഉടമകള്‍ കോടതിയില്‍ പറഞ്ഞത്. കോടതിക്ക് തോന്നിയെങ്കിലോ എന്ന് ചോദിച്ചായിരുന്നു സുപ്രീംകോടതി വിമർശനം ആരംഭിച്ചത്. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീംകോടതി അംഗീകരിക്കാതിരുന്നത്.
#WATCH | Yog Guru Ramdev leaves from Supreme Court. He appeared before the court in the misleading advertisement case filed against the Patanjali Ayurveda.
— ANI (@ANI) April 2, 2024
He tendered an unconditional apology before the Supreme Court for violating the apex court's order for misleading… pic.twitter.com/y9oz8vl1IL
സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണ പറഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ക്കു വേണ്ടി, ആയുര്‍വേദ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ പതഞ്ജലി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.